വേങ്ങര: ഊരകം മലയിൽ ടാപ്പിങ്ങിന് എത്തിയയാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമീപത്ത് നിന്നും കണ്ടെത്തിയ കരിങ്കല്ല് ഫോറൻസിക് പരിശോധനക്കയച്ചു. ശനിയാഴ്ചയാണ് പുലാമന്തോൾ വളപുരം സ്വദേശി പുലാക്കാട്ട് തൊടി ഹുസൈനി (45)നെ പൂളാപ്പീസിന് സമീപം നുറക്കാട് റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം റബർ തോട്ടം ലീസിനെടുത്ത് ടാപ്പിങ് നടത്തുകയായിരുന്നു. രാവിലെ വളപുരത്ത് നിന്ന് സ്കൂട്ടറിലെത്തി ടാപ്പിങ് കഴിഞ്ഞു പത്തരയോടെ തിരിച്ചു പോകാറാണ് പതിവ്. ശനിയാഴ്ച വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് മാരകമായ മുറിവേറ്റതായി വ്യക്തമായിരുന്നു. തോട്ടത്തിന് സമീപം മൂന്ന് കരിങ്കൽ ക്വാറികളുണ്ട്. ഇവിടെ നിന്നുള്ള കല്ല് തലയിൽ പതിച്ചാണ് ഇദ്ദേഹം മരണപ്പെട്ടത് എന്നാണ് കരുതുന്നത്.
ഏത് കരിങ്കൽ ക്വാറിയിൽ നിന്നുള്ള കല്ലാണ് പതിച്ചതെന്ന് വ്യക്തമാകേണ്ടതുണ്ട്. അന്വേഷണം ഉർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള ഫോറൻസിക് വിദഗ്‌ധർ എന്നിവർ സ്ഥലത്തെത്തി.
25 ദിവസം മുമ്പാണ് ഹുസൈൻ്റെ പിതാവ് മൊയ്തീൻ മരിച്ചത്.
ഹുസൈന്റെ ഭാര്യ: ശരീഫ കല്ലുവെട്ടി. മക്കൾ: മാജിദ് (ദുബൈ), അൽ അമീൻ, ആദിൽ, റസ്‌ല സൈനബ്.