മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിൽ. ശ്വാസം മുട്ടിച്ചും ചവിട്ടിയുമാണ് ഇരുവരും കൊല നടത്തിയത്. അരീപ്പാറക്കടുത്ത് മുല്ലശ്ശേരി മങ്ങാട്ടയി പറമ്പിൽ താമസിക്കുന്ന കളത്തും കണ്ടി രജീഷാണ് മരിച്ചത്. കടക്കാട്ടുപാറ പള്ളിയാളി രാമകൃഷ്ണൻ, അരീപ്പാറ അബൂബക്കർ എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തായ അബൂബക്കറിന്‍റെ വീട്ടിലായിരുന്നു മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മർദ്ദനമേറ്റ് വാരിയെല്ലുകളും തകർന്നിരുന്നു. മൂന്നു പേരും ചേർന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. അറസ്റ്റിലായ രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി. തേഞ്ഞിപ്പലം പൊലീസാണ് കേസ് അന്വേഷിയ്ക്കുന്നത്.