തൃശൂർ: ചെടിച്ചട്ടി വിതരണം ചെയ്യുന്നതിനുള്ള കരാർ അനുവദിച്ചതിന് കൈക്കൂലി ആവശ്യപ്പെട്ട സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ ചെയർമാൻ വിജിലൻസ് പിടിയിൽ.
കെ.എൻ. കുട്ടമണിയെയാണ് ബുധനാഴ്ച വിജിലൻസ് കൈയോടെ പിടികൂടിയത്. സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന് ചെടിച്ചട്ടി വിതരണം ചെയ്യുന്നതിന് ഓർഡർ ലഭിച്ച കോഴിക്കോട് സ്വദ്വേശിയിൽനിന്നാണ് ഇദ്ദേഹം കൈക്കൂലി വാങ്ങിയത്. ഒരു ചെടിച്ചട്ടിക്ക് മൂന്നു രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുട്ടമണിയെ വിജിലൻസ് പിടികൂടുകയായിരുന്നു.
കോഴിക്കോട് സ്വദേശിയായ പരാതിക്കാരനും സുഹൃത്തുക്കളും ചേർന്ന് തൃശൂർ ജില്ലയിലെ പാലിയക്കരയിൽ ഒരു കളിമൺ പാത്രനിർമാണ വ്യവസായ യൂനിറ്റ് നടത്തുന്നുണ്ട്. കളിമണ്‍പാത്ര നിര്‍മാണ വിപണന കോര്‍പറേഷന് 5372 ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നതിനുള്ള കരാർ പരാതിക്കാരന് ജൂലൈയിൽ ലഭിച്ചിരുന്നു. കഴിഞ്ഞ 21ന് കുട്ടമണി പരാതിക്കാരനെ ഫോണിൽ വിളിച്ച് കരാർ നൽകിയതിനുള്ള കമീഷനായി 25,000 രൂപ ആവശ്യപ്പെട്ടു.