കല്‍പ്പറ്റ: നാടന്‍ചാരായവും വാറ്റാനുള്ള ഉപകരണങ്ങളുമായി ഒരാളെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. പനമരം ചെറുകാട്ടൂര്‍ കൈതക്കല്‍ പാറക്കുനി വീട്ടില്‍ ഗോവിന്ദന്‍ (48) ആണ് പിടിയിലായത്. ബുധനാഴ്ച്ച ഉച്ചയോടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഗോവിന്ദന്റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. വീട്ടില്‍ നിന്ന് ഒന്‍പത് ലിറ്ററോളം നാടന്‍ ചാരായവും ഇത് വാറ്റാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് കണ്ടെത്തി പിടിച്ചെടുത്തു. വീട്ടിനകത്തുള്ള പണി തീരാത്ത അറ്റാച്ച്ഡ് ബാത്റൂമില്‍ നിന്ന് രണ്ടു കന്നാസുകളിലായി ശേഖരിച്ച ചാരായവും മുറിയുടെ ബര്‍ത്തില്‍ നിന്ന് ചാരായം വാറ്റുന്നതിനുള്ള മണ്‍കലവും മണ്‍ തളികയും താഴെയായി അലുമിനിയം ചെരിവവും, ബക്കറ്റും, വാഷും കണ്ടെടുക്കുകയായിരുന്നു. പനമരം ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ പി.ജി രാംജിത്തിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ യു. മുഹമ്മദ് സുഹൈലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു