മാനന്തവാടി: തോൽപ്പെട്ടിയിൽ വേലിയിൽ കുരുങ്ങി കടുവ കൊല്ലപ്പെട്ട കേസിൽ
പ്രതികളെ കോടതി വെറുതെ വിട്ടു. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടർന്നാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (സിവിൽ ജഡ്‌ജ്) എസ്. അമ്പിളിയുടെ ഉത്തരവ്. തോൽപ്പെട്ടി അപ്പപ്പാറ ചക്കിണി വീട്ടിൽ രാജൻ, കണ്ണമംഗലം വീട്ടിൽ ഭരതൻ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2011 ഡിസംബർ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോൽപ്പെട്ടി പുലിവാൽമൂലയിലെ വീരബാഹു എന്നയാളുടെ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച വേലിയിൽ കുരുങ്ങിയാണ് കടുവ ചത്തത്. പ്രതികൾ കൃഷിയിടത്തിൽ വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് തടയാനായി സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങി ചത്തതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഭൂമിയുടെ ഉടമയായിരുന്ന വീരബാഹുവിനെ കേസിൽ മൂന്നാം പ്രതിയായി ചേർത്തിരുന്നുവെങ്കിലും വിചാരണയ്ക്കിടെ അദ്ദേഹം മരണപ്പെട്ടു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി.