തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ നടക്കും. 25 കോടി രൂപയുടെ ഒന്നാം സമ്മാനം,1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി വർധിപ്പിച്ചതിന് മുൻപ്, പഴയ നിരക്കിൽ പുറത്തിറക്കിയ 75 ലക്ഷം ബമ്പർ ടിക്കറ്റുകൾ ജിഎസ്ടി മാറ്റം നിലവിൽ വന്ന ഓഗസ്റ്റ് 22-ന് മുൻപ് തന്നെ ഏജന്റുമാർക്ക് സർക്കാർ വിറ്റിരുന്നു. എന്നാൽ, ഈ ടിക്കറ്റുകൾ പൂർണമായും വിറ്റഴിക്കാൻ സാധിച്ചില്ലെന്ന് ഏജന്റുമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസം 27-ന് നടത്തേണ്ടിയിരുന്ന നറുക്കെടുപ്പ് നാളത്തേക്ക് മാറ്റിവച്ചത്. നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിനാണ് നടക്കുക.
ഇതിനിടെ, പൂജ ബമ്പർ ലോട്ടറിയുടെ സമ്മാനത്തുകയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ബമ്പറിന്റെ സമ്മാനഘടനയിൽ മാറ്റം വരുത്തിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി വർധിപ്പിച്ചപ്പോൾ സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയിൽ കുറവ് വന്നിട്ടുണ്ട്. എങ്കിലും, ടിക്കറ്റിന്റെ വില വർധിപ്പിക്കാതെയാണ് ഈ പ്രശ്നം പരിഹരിച്ചത്. അതിനാൽ, ജനങ്ങൾക്ക് ബമ്പർ ടിക്കറ്റ് ധൈര്യമായി വാങ്ങാമെന്നും സമ്മാനഘടനയിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി