തിരുവനന്തപുരം: തലസ്ഥാനത്ത് റോഡരികിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 65 വർഷം കഠിന തടവ്. വർക്കല ഇടവ സ്വദേശിയും കബീർ എന്ന് വിളിക്കുന്ന ഹസൻകുട്ടിക്കാണ് തിരുവനന്തപുരം ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. 2024 ഫെബ്രുവരി 19-നാണ് തിരുവനന്തപുരം ചാക്കയ്ക്ക് സമീപം രാജ്യത്തെ ഞെട്ടിച്ച ക്രൂരകൃത്യം അരങ്ങേറിയത്.
ചാക്കയ്ക്ക് സമീപം നാടോടികളായ ഹൈദരാബാദ് ദമ്പതികൾക്കൊപ്പം റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസ്സുകാരിയെ ഹസൻകുട്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബ്രഹ്മോസിന് പിന്നിലുള്ള പൊന്തക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം, കുട്ടി മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
നൂറിലധികം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചും വിപുലമായ അന്വേഷണത്തിലൂടെയുമാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. വേഷം മാറി നടന്ന പ്രതിയെ പതിമൂന്നാം ദിവസമാണ് കൊല്ലത്ത് നിന്ന് പൊലീസ് പിടികൂടിയത്. സംഭവത്തിൽ അതിവേഗം വിചാരണ പൂർത്തിയാക്കിയാണ് പോക്സോ കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.