തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന കാലത്ത് ശബരിമല അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടാണെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നടപടി ക്രമങ്ങൾ ഒന്നും സുതാര്യമല്ലെന്നും ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അറ്റകുറ്റപ്പണിക്ക് എത്തിക്കും മുമ്പ് സ്വർണം അടിച്ചുമാറ്റി. ചെന്നൈയിൽ ദ്വാരപാലക ശില്‍പങ്ങൾ എത്താൻ സമയമെടുത്തു, സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞിട്ടും എല്ലാം മൂടി വച്ചു എന്നായിരുന്നു സതീശന്റെ ആരോപണം.സ്വർണ്ണം പുറത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത് ആരാണ് ആവശ്യമുള്ളപ്പോൾ എടുത്തുമാറ്റാൻ പറ്റുന്ന സാങ്കേതിക വിദ്യയിലാണ് സ്വർണം പൂശിയിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ആരാണ്? ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണം. ദേവസ്വം വിജിലൻസ് മാത്രം കേസ് അന്വേഷിച്ചാൽ പോരാ, ദേവസ്വം ബോർഡ് പ്രസിഡൻറ് അടക്കം രാജിവച്ചു പുറത്തു പോകണം. ജി സുധാകരന്‍റേയും, അനന്ത ഗോപന്‍റേയും പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ കുറ്റവാളികൾ ആരാണെന്ന് വ്യക്തമാകുമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.
അതേസമയം, സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ തട്ടിപ്പ് നടത്തിയവരെ ദേവസ്വം ബോർഡിൻ്റെ വിജിലൻസ് കണ്ടെത്തുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും പറഞ്ഞു. ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാൻ സർക്കാർ ആരെയും അനുവദിക്കുകയില്ലെന്നും ഒരു വിശ്വാസികൾക്കും തടസ്സം സൃഷ്ടിക്കാൻ സർക്കാരിന് ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പ സംഗമം മുന്നിൽ കണ്ടുകൊണ്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഉപയോഗിച്ച് ഹീനമായ പ്രവർത്തികൾ ചെയ്തതെന്നും. ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
അതേസമയം, ശബരിമല സ്വർണ്ണപ്പാളി സമർപ്പിച്ച സ്പോൺസർമാരിൽ പ്രധാനിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) അന്വേഷണം ആരംഭിച്ചു. പോറ്റിക്ക് തലസ്ഥാന ജില്ലയിൽ മാത്രം കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.
റിപ്പോർട്ടുകൾ പ്രകാരം, പോറ്റിയുടെ കോടിക്കണക്കിന് രൂപയുടെ ഭൂമിയിടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ബ്ലേഡ് പലിശയ്ക്ക് പണം നൽകി പലയിടത്തുമുള്ള ഭൂമി സ്വന്തം പേരിൽ ആക്കിയതായുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 30 കോടിയിലധികം രൂപയുടെ ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ഈ ഇടപാടുകൾക്ക് പോറ്റിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചത് മുൻപ് ദേവസ്വവുമായി ബന്ധപ്പെട്ട് കരാറുകൾ എടുത്തിരുന്ന ഒരാളാണ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലുമാണ് പ്രധാനമായും ഈ ഭൂമി ഇടപാടുകൾ നടത്തിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം.