മലപ്പുറം: രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്വൽ അറസ്റ്റ് ചെയ്ത് 60 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. കേസിലെ മുഖ്യകണ്ണികളായ മേലാറ്റൂർ എടപ്പറ്റയിലെ പാതിരിക്കോട് ചൂണ്ടിക്കലായി സ്വദേശി ആലഞ്ചേരി വീട്ടിൽ സുനീജ് (38) തൃശൂർ പൂത്തോൾ മാടമ്പി ലൈൻ സ്വദേശി വാളേരിപറമ്പിൽ വീട്ടിൽ അശ്വിൻ രാജ് (27) പെരിന്തൽമണ്ണ കൊളത്തൂർ വറ്റല്ലൂർ സ്വദേശി പള്ളിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് ഷെഫീഖ് (29) എന്നിവരാണ് അറസ്റ്റിലായത്. മേലാറ്റൂർ പൊലീസിന്റെ സഹായത്തോടെ രാജസ്ഥാൻ പൊലീസാണു കഴിഞ്ഞദിവസം മേലാറ്റൂരിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
തീവ്രവാദ ബന്ധമാരോപിച്ചാണ് ഇരയുടെ പക്കൽനിന്നു പണം തട്ടിയതെന്നു പൊലീസ് പറഞ്ഞു. 60,08,794 രൂപ തട്ടിയെടുത്ത സംഭവത്തിൽ മേലാറ്റൂർ പൊലീസ് പ്രതികളെ പിടികൂടി രാജസ്ഥാൻ പൊലീസിനു കൈമാറുകയായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾക്കായി രാജസ്ഥാനിലേക്ക് കൊണ്ടുപോയി.