മൈക്കാവ്:തെരുവിലും പൊതുസ്ഥലങ്ങളിലും വിശന്ന് അലഞ്ഞു തിരിയുന്നവർക്കായി ഫാദേഴ്സ്, മദേഴ്സ് ബ്രദേഴ്സ് & സിസ്റ്റേഴ്സ് മെമ്മോറിയൽ യുവദീപ്തി വിശപ്പു രഹിത ഗ്രാമം പദ്ധതി പ്രവർത്തനമാരംഭിച്ചു. പലവിധ കാരണങ്ങളാൽ തെരുവുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും എത്തി വിശന്ന് അലഞ്ഞു തിരിയുന്നവരെ കുറിച്ച് മലയോര മേഖലയിൽ നടത്തിയ പഠനത്തിൻ്റെയും,സർവ്വേ യുടെയും അടിസ്ഥാനത്തിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. തുടക്കത്തിൽ വിശപ്പ് രഹിത ഗ്രാമം പദ്ധതി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നടപ്പാക്കും. ഈ സ്ഥലങ്ങളിൽ വിശന്ന് അലയുന്നവർക്ക് ഉച്ചഭക്ഷണ കൂപ്പൺ ലഭ്യമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. തുടർന്ന് കൂപ്പണമായി സമീപത്തുള്ള ഹോട്ടലിൽ പോയി
ഉച്ച ഭക്ഷണം കഴിക്കാൻ കഴിയുന്ന വിധം ആണ് പദ്ധതി ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. പൊതുസമൂഹത്തിന്റെ സഹായ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതി നടത്തിപ്പിനും മേൽനോട്ടം വഹിക്കുന്നതിനും പ്രത്യേക ഡയറക്ടർ ബോർഡ് പ്രവർത്തിക്കും. താല്പര്യമുള്ള ആർക്കും അവരുടെ ബന്ധുമിത്രാദികളുടെ മെമ്മോറിയലായി പദ്ധതിയിൽ പങ്കുചേരാം. ഇതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഓരോ പ്രദേശത്തും സന്നദ്ധ സേനയ്ക്ക് രൂപം നൽകാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. യുവാക്കളെ പ്രത്യേകം കണ്ണി ചേർത്ത് പരിശീലനം നൽകും. സന്നദ്ധസേനയുടെ നേതൃത്വത്തിൽ കൂടുതൽ അനുബന്ധ സഹായപദ്ധതികൾ ഇതിൽ ഉൾപ്പെടുത്തി നടപ്പിലാക്കും. പൊതുസ്ഥലങ്ങളിലെ കൂപ്പൺ വിതരണത്തിൻ്റെ ഭാഗമായി ആദ്യ കൂപ്പൺ ബുക്ക് വിതരണോൽഘാടനം വിശപ്പുരഹിത ഗ്രാമം ഡയറക്ടർ ബേബി അബ്രാഹം പാരിക്കാപ്പിള്ളിക്ക് ഫാ. പോൾ മരിയ പീറ്റർ നൽകി കൊണ്ട് നിർവഹിച്ചു. യോഗത്തിൽ ചെയർമാൻ വർഗ്ഗീസ് തണ്ണിനാൽ , പ്രസിഡൻ്റ് എം. എസ്. ബാബു, സെക്രട്ടറി ഷാജി ജോസ്, തമ്പി അബ്രാഹം, സ്റ്റലിൻ നാരായണൻ, എം. എസ്. മർക്കോസ്, തമ്പി പറ കണ്ടത്തിൽ, പി.സി.ജോൺ, ത്രേസ്യ ചോലിക്കര,സജി കരിപ്പുകാട്ടിൽ, ബേബി അബ്രാഹം, ഗോപി എറമ്പിൽ,പീലി ചാഞ്ഞപിള്ളാക്കൽ എന്നിവർ പ്രസംഗിച്ചു. പദ്ധതിയിലും വാളണ്ടിയ രായി പങ്ക് ചേരാൻ ആഗ്രഹിക്കുന്നവർക്ക് 9048115387,807511118 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.