പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് എട്ട് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയതായി പരാതി. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ ആണ് മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് അമ്മ പ്രസീത പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്.
കളിക്കുന്നതിനിടെ വീണപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. ഒക്ടോബർ 24നാണ് സംഭവം ഉണ്ടായത്. അന്ന് തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തു. പ്ലാസ്റ്റർ ഇട്ട ശേഷവും കുട്ടിക്ക് വേദന ഉണ്ടെന്ന് അറിയിച്ചപ്പോൾ അഞ്ച് ദിവസം കഴിഞ്ഞ് വരാൻ ഡോക്ടർമാർ പറഞ്ഞു. പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ചിരുന്നെന്നും കൈ അഴുകിയ നിലയിലായിരുന്നെന്നും അമ്മ പ്രസീത പറഞ്ഞു. പിന്നീട് തുടർ ചികിത്സക്കായി മറ്റൊരു ആശുപത്രിയെ സമീപിക്കാൻ ഡോക്ടർമാർ പറയുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ സ്വകാര്യ ആശുപത്രിയിൽ പോകാനുള്ള ശേഷി ഇല്ലായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയെ എത്തിക്കുകയായിരുന്നെന്ന് അമ്മ പ്രസീത പറഞ്ഞു.
എട്ട് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി അധികൃതർ. ആശുപത്രിയുടെ ഭാഗത്തു നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. സാധാരണ പോലെ തന്നെ എല്ലാ ചികിത്സയും നൽകിയിരുന്നു. സംഭവിച്ചത് അപൂർവങ്ങളിൽ അപൂർവമായ കാര്യമാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീ പറഞ്ഞു. കുട്ടിക്ക് വേദന വന്നിട്ടും ആശുപത്രിയിലെത്തിക്കാൻ വൈകി. അതിനാലാണ് ഈ ഒരു സ്ഥിതിയിലേക്കെത്തിയതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ പൂർണമായും കുട്ടിയുടെ രക്ഷിതാക്കളെ കുറ്റപ്പെടത്തുകയാണ് ആശുപത്രി അധികൃതർ ചെയ്യുന്നത്.