ന്യൂഡല്‍ഹി: സുപ്രിംകോടതിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് നേരെ അഭിഭാഷകന്‍ ഷൂ എറിയാൻ ശ്രമിച്ചു. പിന്നാലെ കോടതി നടപടികള്‍ നിര്‍ത്തിവെക്കുകയും അഭിഭാഷകനെ പുറത്താക്കുകയും ചെയ്തു.
ഖജുരാഹോയിൽ 7 അടി ഉയരമുള്ള വിഷ്ണുവിന്റെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് ഗവായി നടത്തിയ പരാമർശങ്ങളാണ് അതിക്രമത്തിന് കാരണമായി കരുതുന്നത്. ഇത്തരത്തിലുള്ള നിരവധി പൊതുതാല്‍പര്യ ഹരജികള്‍ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും ഇതിലൊന്നു ഇടപെടാന്‍ സുപ്രിംകോടതിക്ക് സാധിക്കില്ലെന്നായിരുന്നു അന്ന് കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത്.ഇതിനെതിരെ അന്ന് തന്നെ ഒരുകൂട്ടം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു.
ചീഫ് ജസ്റ്റിസ് നിലപാട് തിരുത്തണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. സനാതന ധര്‍മ്മത്തിന് എതിരായ നിലപാടാണ് ചീഫ് ജസ്റ്റിസ് എടുത്തതെന്നുമായിരുന്നു ഉയര്‍ന്ന് വന്ന വിമര്‍ശനം. എന്നാല്‍ തന്‍റെ നിലപാടില്‍ നിന്ന് മാറില്ലെന്ന തീരുമാനമാണ് ചീഫ് ജസ്റ്റിസ് എടുത്തണം. ഇന്ന് കോടതി നടപടികള്‍ക്കിടെയാണ് അഭിഭാഷകന്‍ കനത്ത സുരക്ഷക്കിടയിലും ചീഫ് ജസ്റ്റിസിന് നേരെ അതിക്രമം നടത്തിയത്. സനാതനധർമ്മത്തെ അപമാനിക്കാൻ സമ്മതിക്കില്ല എന്ന് വിളിച്ചുപറഞ്ഞായിരുന്നു അതിക്രമം. കാലില്‍ നിന്ന് ഷൂ ഊരിയെടുക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ ഇയാളെ തടയുകയും കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.