ന്യൂഡല്‍ഹി: കോടതിമുറിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിക്കു നേരെ ഷൂ എറിഞ്ഞത് ദൈവിക പ്രേരണയാലാണെന്ന് അഭിഭാഷകന്‍. തന്റെ പ്രവൃത്തിയില്‍ ഖേദമില്ലെന്നും ഭയമില്ലെന്നും ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും പ്രതി അഡ്വ. രാകേഷ് കിഷോര്‍ വ്യക്തമാക്കി. മൂന്ന് മണിക്കൂറോളം കസ്റ്റഡിയിലെടുത്ത ശേഷം നടപടി വേണ്ടതില്ലെന്ന ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 71 കാരനായ രാകേഷ് കിഷോറിനെ പൊലിസ് വിട്ടയച്ചിരുന്നു.
സനാതന ധര്‍മത്തെ അപമാനിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് വിളിച്ചുപറഞ്ഞാണ് രാകേഷ് കിഷോര്‍ എന്ന 71 കാരനായ അഭിഭാഷകന്‍ തന്റെ കാലില്‍ ധരിച്ചിരുന്ന സ്‌പോര്‍ട്‌സ് ഷൂസ് ഊരിമാറ്റി ചീഫ് ജസ്റ്റിസിനു നേരെ എറിയാന്‍ ശ്രമിച്ചത്. അഭിഭാഷകനെ ഉടന്‍ സുരക്ഷാജീവനക്കാര്‍ കോടതിയില്‍നിന്ന് പുറത്താക്കി. പിന്നാലെ ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും കേസ് നല്‍കാന്‍ ചീഫ് ജസ്റ്റിസ് തയാറാകാത്തതിനെത്തുടര്‍ന്ന് മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. ഇയാളുടെ ഷൂവും തിരിച്ചു നല്‍കി.
ഇയാള്‍ മുദ്രാവാക്യം വിളിക്കുന്നതു കേട്ട ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിഭാഷകനെ പിടികൂടി കോടതി മുറിയില്‍നിന്ന് പുറത്താക്കുകയായിരുന്നു. അതേസമയം, ബഹളം ഉണ്ടായിരുന്നിട്ടും ചീഫ് ജസ്റ്റിസ് ശാന്തനായി കേസ് കേള്‍ക്കുന്ന നടപടികള്‍ തുടര്‍ന്നു. ഇതൊന്നും എന്റെ ശ്രദ്ധമാറ്റുന്ന കാര്യമല്ലെന്നും നിങ്ങളുടെയും ശ്രദ്ധമാറേണ്ടതില്ലെന്നുമായിരുന്നു ഗവായിയുടെ പ്രതികരണം.
മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തില്‍ വിഷ്ണു വിഗ്രഹം നവീകരിച്ച് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ചീഫ് ജസ്റ്റിസ് നടത്തിയ നിരീക്ഷണങ്ങളില്‍ അഭിഭാഷകന് അതൃപ്തിയുണ്ടായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
കോടതിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ സനാതന ധര്‍മത്തിനു നേരെയുള്ള അപമാനം ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്ന് പ്രതി മുദ്രാവാക്യം മുഴക്കി. പൊലിസ് പരിശോധനയില്‍ ഇക്കാര്യം എഴുതിയ പേപ്പറുകളും ഇയാളില്‍നിന്ന് കണ്ടെടുത്തു. മയൂര്‍ വിഹാര്‍ സ്വദേശിയാണ് പ്രതിയായ അഭിഭാഷകന്‍.
അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താന്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം സുപ്രിംകോടതി രജിസ്ട്രാര്‍ ജനറല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലിസ് പോകാന്‍ അനുവദിക്കുകയായിരുന്നു.