ന്യൂഡൽഹി/വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രിയങ്ക ഗാന്ധി എം.പി വീണ്ടും കത്തയച്ചു. ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട ജനതയുടെ കടബാധ്യതകൾ അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ദുരന്തബാധിതരിൽ ഭൂരിഭാഗം പേർക്കും ഉപജീവനമാർഗ്ഗങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ നിലവിലുള്ള വായ്പാ തിരിച്ചടവുകൾ അവർക്ക് താങ്ങാനാവാത്ത ഭാരമാണ്. അതിനാൽ, ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നതിന് പ്രധാനമന്ത്രി വ്യക്തിപരമായി മുൻകൈയെടുക്കണമെന്നും അടിയന്തരമായി ഇടപെടണമെന്നും പ്രിയങ്ക ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.