തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ നാലാം ദിവസവും ശബരിമല വിഷയത്തിൽ ഭരണപക്ഷ - പ്രതിപക്ഷ തർക്കം. തർക്കം രൂക്ഷമായതോടെ സഭയുടെ ഇന്നത്തെ ദിവസം തടസപ്പെട്ടു. ദേവസ്വം മന്ത്രി വി.എൻ വാസവന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കർ എ.എൻ ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേരിട്ട് വാക്കുതർക്കമുണ്ടായി. മന്ത്രിമാർ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞപ്പോൾ സ്പീക്കർക്ക് കുഴപ്പമില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
'അയ്യപ്പൻ്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ'യെന്ന് എഴുതിയ ബാനർ സഭയിൽ ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്. ബാനർ പിടിച്ചുവാങ്ങാൻ സ്പീക്കർ കർശന നിർദേശം നൽകിയത് തർക്കത്തിലേക്ക് നീങ്ങി. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷാംഗങ്ങൾ ശ്രമിച്ചതോടെ, ഡയസിന് മുന്നിൽ വിന്യസിച്ചിരുന്ന വാച്ച് ആൻഡ് വാർഡ് ഇത് തടഞ്ഞു. ഇതോടെ വാച്ച് ആൻഡ് വാർഡുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
സംഘർഷത്തിൽ ഒരു വാച്ച് ആൻഡ് വാർഡിന് പരുക്കേറ്റു. തർക്കം രൂക്ഷമായതിനെ തുടർന്ന് സഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി സ്പീക്കർ അറിയിച്ചു. കുറച്ച് സമയത്തിന് ശേഷം സഭ വീണ്ടും തുടങ്ങിയപ്പോൾ പ്രതിപക്ഷം ബഹളം തുടർന്നു. പിന്നാലെ സഭാ നടപടികൾ ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷനേതാവ് സഭയിൽ അറിയിച്ചു. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ ബാനറുമായി സഭയ്ക്ക് പുറത്തേക്ക് പ്രതിഷേധവുമായി എത്തി.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സഭയിൽ ഗുണ്ടായിസമെന്ന് എം.ബി.രാജേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പേരിൽ ഉന്നയിക്കപ്പെടുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും ഒരു അംഗത്തിന്റെയും പേര് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും എം.ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം അസുര ജന്മം ആണെന്ന് എം.രാജഗോപാലൻ എംഎൽഎ പറഞ്ഞു.