കോഴിക്കോട് ∙ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അസിസ്റ്റന്റ് മെഡിക്കൽ ഓഫിസർ ഡോ.ടി.പി.വിപിനെ വെട്ടിപ്പരുക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ സർക്കാർ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് നടത്തിയ സമരം പൂർണം. സംസ്ഥാന വ്യാപകമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെയും (കെജിഎംഒഎ) ഐഎംഎയുടെയും ആഹ്വാനത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിൽ ഒപി ബഹിഷ്കരണം. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്.
സമരവിവരം അറിയാതെ ദൂരദിക്കുകളിൽ നിന്നും മറ്റും കോഴിക്കോട് മെഡിക്കൽ കോളജിലും ബീച്ച് ആശുപത്രിയിലും എത്തിയ രോഗികൾ സമരത്തിൽ വലഞ്ഞു. വാർധക്യ സംബന്ധമായ രോഗത്തിലും മറ്റും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് സമരവിവരം അറിയാതെ ആശുപത്രികളിലെത്തി കാത്തിരുന്ന ശേഷം മടങ്ങിയത്. തെരുവുനായ കടിച്ച് പേവിഷത്തിനെതിരെ കൃത്യമായ ഇടവേളയിൽ കുത്തിവയ്പ്പ് എടുക്കാനെത്തിയവർക്കു പോലും ബീച്ച് ആശുപത്രിയിൽ സൗകര്യമൊരുക്കിയിട്ടില്ലെന്നും ആക്ഷേപമുയർന്നു.
ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎ നേതാക്കൾ വ്യാഴാഴ്ച ജില്ലാ കലക്ടറെ കാണും. സുരക്ഷ ഉറപ്പാക്കാനായില്ലെങ്കിൽ താലൂക്ക് ആശുപത്രിയിൽ ഒപി ബഹിഷ്കരണം തുടരാനാണ് തീരുമാനം. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ പ്രതിഷേധ ധർണയ്ക്കു ശേഷമാകും നേതാക്കൾ കലക്ടറെ കാണുക.