തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേള -2025 ഒളിമ്പിക്സ് മാതൃകയില്‍ ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. കായിക മേളയില്‍ അണ്ടര്‍ ഫോര്‍ട്ടീന്‍, സെവന്‍റീന്‍, നൈന്‍റീന്‍ കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം കായിക പ്രതിഭകള്‍ പങ്കെടുക്കും. സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ദേശീയ സ്കൂള്‍ മീറ്റ് ഷെഡ്യൂളിന് അനുസൃതമായി 39 സ്കൂള്‍ സ്പോര്‍ട്സ്, ഗെയിംസ് മത്സരങ്ങളുടെ ഷെഡ്യൂള്‍ തയ്യാറാക്കുകയും
ഗ്രൂപ്പ് വണ്‍ ആന്‍റ് ടു മത്സരങ്ങള്‍ കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഗ്രൂപ്പ് ത്രീ ആന്‍റ് ഫോര്‍ മത്സരങ്ങള്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകുമെന്നും
ഈ മത്സരങ്ങളുടെ നാഷണല്‍ മത്സരങ്ങള്‍ സ്കൂള്‍ ഒളിമ്പിക്സിന് മുന്‍പ് നടത്താന്‍
എസ്.ജി.എഫ്.ഐ. തീരുമാനിച്ചത് കൊണ്ടാണ് ഇവ നേരത്തെ നടത്തേണ്ടി വന്നതെന്നും മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം നഗരമധ്യത്തിലെ സെന്‍ട്രല്‍ സ്റ്റേഡിയമാണ് നിലവില്‍ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ളത്. ഈ സ്റ്റേഡിയത്തില്‍ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ ജര്‍മ്മന്‍ ഹാങ്ങര്‍ പന്തല്‍ ഉപയോഗിച്ച് നിര്‍മിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ പോപ്പുലര്‍ ആയിട്ടുള്ള 12 ഓളം കായിക ഇനങ്ങള്‍ ഒരുമിച്ച് സംഘടിപ്പിക്കുന്നു. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഒരുങ്ങുന്നത്. ഏകദേശം ആറായിരത്തിലധികം കുട്ടികളെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഈ വേദിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഇത്തവണയും മത്സരങ്ങള്‍ ദേശീയ നിലവാരത്തിലുള്ള കളിസ്ഥലങ്ങളിലാണ് സംഘടിപ്പിക്കുന്നത്.