കോഴിക്കോട്: ഹോട്ടൽ വ്യാപാരി സിദ്ദീഖിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ച കേസിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും മരിച്ച സിദ്ദീഖിന്റെ വസ്ത്രങ്ങളുമടങ്ങുന്ന തൊണ്ടിമുതലുകൾ സാക്ഷികൾ തിരിച്ചറിഞ്ഞു.
രണ്ടാം പ്രതി ഫർഹാനയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ ചിരട്ടാമല എന്ന സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്ത, സിദ്ദീഖിനെ കൊല്ലാൻ ഉപയോഗിച്ച ചുറ്റിക, കത്തി, മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ, സിദ്ദീഖിന്റെ മുണ്ട്, ചെരിപ്പുകൾ, ഹോട്ടലിൽ നിന്ന് എടുത്തുകൊണ്ടുപോയ തലയണ കവറുകൾ, ഗ്ലൗസുകൾ, എ.ടി.എം എന്നിവയാണ് 28ാം സാക്ഷി ഇസ്മയിൽ കോടതിയിൽ തിരിച്ചറിഞ്ഞത്. പ്രതി ഫർഹാനയെയും സാക്ഷി തിരിച്ചറിഞ്ഞു.
ഒന്നാം പ്രതി മുഹമ്മദ് സിബിലി എന്ന ഷിബിലി കാണിച്ചുകൊടുത്തതനുസരിച്ച് പാലക്കാട് ജില്ലയിലെ നെടുമ്പ്രയിൽനിന്ന് പൊലീസ് കണ്ടെടുത്ത കാർ, തൊട്ടടുത്ത കിണറിൽ ഉപേക്ഷിച്ച സിദ്ദീഖിന്റെ ചെക്ക് ബുക്ക്, എ.ടി.എം കാർഡ് എന്നിവ 32ാം സാക്ഷി സുരേഷ് തിരിച്ചറിഞ്ഞു.
പൊലീസിന് സ്ഥലം കാണിച്ചുകൊടുത്ത പ്രതി മുഹമ്മദ് സിബിലിയെയും ഇദ്ദേഹം കോടതിയിൽ തിരിച്ചറിഞ്ഞു. പ്രതിഭാഗത്തിനുവേണ്ടി ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ.പി. പീതാംബരൻ എതിർവിസ്താരം നടത്തി. 2023 മേയ് 18നാണ് കോഴിക്കോട് കുന്നത്തുപാലത്ത് ചിക്കിൻ ബേക്ക് ഹോട്ടൽ നടത്തുന്ന, തിരൂർ ഏഴൂർ സ്വദേശി സിദ്ദീഖിനെ (58) ഹണി ട്രാപ്പിൽ കുടുക്കി എരഞ്ഞിപ്പാലത്തെ ലോഡ്ജിലെത്തിച്ച് കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചത്.
തുടർന്ന് പ്രതികൾ സിദ്ദീഖിന്റെ എ.ടി.എം ഉപയോഗിച്ച് പണം തട്ടിയെന്നുമാണ് കേസ്. വല്ലപ്പുഴ ചെറുകോട് ആച്ചീരിത്തൊടി മുഹമ്മദ് സിബിൽ (23), ചെർപ്പുളശ്ശേരി ചളവറ കുട്ടുതൊടി ഖദീജത്തുൽ ഫർഹാന (18), പാലക്കാട് മേച്ചേരി വല്ലപ്പുഴ വാലുപറമ്പിൽ മുഹമ്മദ് ആഷിഖ് എന്ന സിക്കു (26) എന്നിവരാണ് കേസിലെ പ്രതികൾ.