എറണാകുളം: ശബരിമലയിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്കുശേഷം 475 ഗ്രാം നഷ്ടമായെന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നിഷ്പക്ഷ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല ക്ഷേത്രത്തിന്‍റെ ദ്വാരപാലകശില്പ സ്വര്‍ണപ്പാളി സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ.
ദേവസ്വം വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതി നടപടി സ്വീകരിച്ചത്. അറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളി കൈമാറിയതിൽ ഗുരുതരമായ തിരിമറി നടന്നതായി കോടതി നിരീക്ഷിച്ചു. ദേവസ്വം കമ്മീഷണറുടെ നിർദ്ദേശപ്രകാരം, സ്വർണ്ണം പൂശുന്ന ജോലികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്കാണ് പാളികൾ കൈമാറിയത്.
പാളി കൈമാറുമ്പോൾ തയ്യാറാക്കിയ മഹസറിൽ ഇത് ചെമ്പ് പാളി എന്നാണ് രേഖപ്പെടുത്തിയിരുന്നത്, സ്വർണ്ണം എന്ന് രേഖപ്പെടുത്തിയിരുന്നില്ല. ശിൽപ്പങ്ങൾ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിൽ എത്തിച്ചപ്പോൾ, അവിടെ സ്വർണ്ണത്തിന്‍റെ പാളി ഉണ്ടായിരുന്നു. ഇത് നീക്കംചെയ്യാൻ പോറ്റി നിർദ്ദേശം നൽകി. കോടതിയുടെ നിരീക്ഷണത്തിൽ, കൃത്യമായി 474.99 ഗ്രാം സ്വർണ്ണത്തിന്‍റെ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് വ്യക്തമായി. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ലഭിച്ച ഈ സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയെങ്കിലും, അദ്ദേഹം അത് ഇതുവരെ ദേവസ്വം ബോർഡിന് തിരികെ നൽകിയിട്ടില്ല.
കേസിന്‍റെ ഗൗരവം കണക്കിലെടുത്ത്, സംസ്ഥാന പോലീസ് മേധാവിയെ കേസിൽ അധിക കക്ഷിയായി കോടതി ഉൾപ്പെടുത്തി. നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കാനാണ് ഈ നടപടി. അന്വേഷണത്തിന്‍റെ പുരോഗതി രണ്ടാഴ്ചയിലൊരിക്കൽ കോടതിയെ അറിയിക്കണം. കൂടാതെ, ആറാഴ്ചയ്ക്കുള്ളിൽ കേസിന്‍റെ പൂർണ്ണമായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.