കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് ജോലിക്കെത്തിയ മലയാളിയായ തൊഴിലാളിയെ ചുറ്റികക്കടിച്ച് കൊലപ്പെടുത്തി. നാൽപ്പത്തി നാലുകാരനായ തൃശ്ശൂർ സ്വദേശി മുഹമ്മദ് റാഫിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. തമിഴ്നാട്ടിലെ കമ്പത്തുള്ള സ്വകാര്യ ലോഡ്ജിൽ വെച്ചാണ് സംഭവം. കൊല്ലപ്പെട്ട തൃശ്ശൂർ സ്വദേശിയായ മുഹമ്മദ് റാഫി ഗ്രില്ലുകൾ ഉണ്ടാക്കുന്ന ജോലി ചെയ്യുന്നയാളാണ്. മുമ്പ് കേരളത്തിൽ റാഫിയോടൊപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശിയായ ശരവണൻ ഇപ്പോൾ കമ്പത്ത് സ്വന്തമായി വർക്ക്‌ഷോപ്പ് നടത്തുകയാണ്. ഇവിടെ ജോലിക്കായി ശരവണൻ വിളച്ചതിനെ തുടർന്നാണ് റാഫിയെത്തിയത്.
ആറാം തീയതി കമ്പത്തെത്തിയ റാഫി, ചെല്ലാണ്ടി അമ്മൻ കോവിൽ സ്ട്രീറ്റിലുള്ള ഒരു സ്വകാര്യ ലോഡ്ജിൽ താമസിച്ച് ശരവണനോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു. സംഭവ ദിവസം രാത്രി എട്ടു മണിയോടെ ജോലി കഴിഞ്ഞ് റാഫി തൻറെ മുറിയിലെത്തി. അടുത്ത മുറിയിൽ താമസിച്ചിരുന്ന ഗൂഡല്ലൂർ എം.ജി.ആർ. കോളനിയിലെ ഉദയകുമാറുമൊത്ത് മദ്യപിച്ചു. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിൽ പ്രകോപിതനായ ഉദയകുമാർ ജോലിക്ക് ഉപയോഗിക്കുന്ന ചുറ്റികയെടുത്ത് മുഹമ്മദ് റാഫിയുടെ നെഞ്ചിൽ അടിച്ചു.
അടിയേറ്റ റാഫി ബോധരഹിതനായി. ശബ്ദം കേട്ടെത്തിയ ലോഡ്ജ് ജീവനക്കാർ കമ്പം നോർത്ത് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് സംഘം പരിശോധിച്ചപ്പോൾ റാഫി മരിച്ചതായി മനസ്സിലായി. ഉടൻ തന്നെ ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം കമ്പം സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഉദയകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.