കോഴിക്കോട്: പേരാമ്പ്രയില്‍ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പിലിന് പരുക്കേറ്റതില്‍ രൂക്ഷ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പൊലിസും പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍ പേരാമ്പ്ര മാത്രമല്ല, കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
''നിങ്ങള്‍ ശബരിമലയില്‍ നടത്തിയ സ്വര്‍ണ്ണ മോഷണം മറയ്ക്കാന്‍ നിങ്ങള്‍ പൊടിച്ച ഓരോ തുള്ളി ചോരയ്ക്കും നിങ്ങള്‍ മറുപടി പറയേണ്ടി വരും ശ്രീ വിജയന്‍, പറയിപ്പിക്കും ഈ നാട്.''- രാഹുല്‍ കുറിച്ചു.
അതേസമയം, സംഭവസ്ഥലത്ത് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന എസ്.പിയുടെ വാദം പൊളിച്ചുകൊണ്ട് സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഷാഫി പറമ്പില്‍ എംപിയെ പൊലിസ് ലാത്തികൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലിസുമായി സംസാരിക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന് ലാത്തികൊണ്ട് അടിയേറ്റത്. പൊലിസ് ലാത്തി വീശിയില്ലെന്നും, പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നുമായിരുന്നു ഇന്നലെ പൊലിസ് നല്‍കിയ വിശദീകരണം.
യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഉടലെടുത്ത പ്രതിഷേധത്തിനിടെ നടന്ന പൊലിസ് അതിക്രമത്തില്‍ ഷാഫിക്ക് മുഖത്തും മൂക്കിനും പരിക്കേറ്റിരുന്നു. കൂടാതെ നിരവധി കോണ്‍ഗ്രസ് പ്രവര്‍കരെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയരുകയും ചെയ്തിട്ടുണ്ട്.
ഷാഫിക്കെതിരെ കേസ്
അതേസമയം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലിസ് കേസെടുത്തു. ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കം 692 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലിസിനെ ആക്രമിച്ചുവെന്നാണ് പ്രധാന ആരോപണം. അതേസമയം, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ, നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തു.
പേരാമ്പ്രയിലെ സംഘര്‍ഷം കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വഴിവെച്ചിരുന്നു, ഇത് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ക്ക് കാരണമായി.