തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ കവര്‍ച്ച കേസില്‍ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതിസ്ഥാനത്ത്. ശ്രീകോവിലിന്റെ വാതില്‍ പടിയിലെ സ്വര്‍ണം അപഹരിച്ചതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം എടുത്ത രണ്ടാം കേസിലെ എഫ്‌ഐആറിലാണ് 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതി ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ആരുടെയും പേര് എഫ്‌ഐആറില്‍ ഇല്ല. എ പത്മകുമാര്‍ പ്രസിഡന്റായ ഭരണസമിതിയാണ് 2019ല്‍ ചുമതലയിലുണ്ടായിരുന്നത്. ഇതോടെ അന്വേഷണം ഉദ്യോഗസ്ഥരില്‍ മാത്രം ഒതുക്കാതെ ഉന്നതരിലേക്കും നീളുകയാണ്.
2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ഇളക്കി എടുത്തതെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ബോര്‍ഡിന് നഷ്ടമുണ്ടാക്കാനായി പ്രതികള്‍ ഗൂഡാലോചന നടത്തിയതായും എഫ്‌ഐആറില്‍ ആരോപിക്കുന്നു. പത്മകുമാര്‍ പ്രസിഡന്റ് ആയ ബോര്‍ഡില്‍ ശങ്കര്‍ ദാസും അംഗമാണ്. അതിനിടെ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് എസ്ഐടി. ആദ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുക്കാനാണ് നീക്കം. പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വ്യത്യസ്ത ടീമുകളായി തിരിഞ്ഞ് ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും ഉള്‍പ്പെടെ എസ് ഐ ടി അന്വേഷണം വ്യാപിപ്പിക്കും. അതിനിടെ, അറ്റകുറ്റപ്പണി കഴിഞ്ഞ ദ്വാരപാലക ശില്‍പ പാളികള്‍ അമിക്കസ് ക്യൂറി ഇന്ന് പരിശോധിക്കും. സ്ട്രോങ്ങ് റൂം പരിശോധന ഇന്നും തുടരും. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ഉദ്യോഗസ്ഥരെയും അടക്കം പ്രതികളാക്കി രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദ്വാരപാലക ശില്‍പപ്പാളി, വാതില്‍പടി എന്നിവയില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്നതുമായി ബന്ധപ്പെട്ടാണ് രണ്ട് കേസുകള്‍ എടുത്തിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നാലെ മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. വേര്‍തിരിച്ചെടുത്ത സ്വര്‍ണ്ണം ഒരു സുഹൃത്തിന് നല്‍കിയെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കിയത്.
ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതനുസരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഒരു സുഹൃത്തിന് കൈമാറി എന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെയും മൊഴി. കല്‍പേഷ് എന്ന സുഹൃത്തിനാണ് വേര്‍തിരിച്ച സ്വര്‍ണം കൈമാറിയതെന്നാണ് പോറ്റിയുടെ മൊഴി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. പോറ്റിയുടെ പ്രതിനിധി ആയി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം കല്‍പേഷ് ആണ് ഏറ്റുവാങ്ങിയതെന്നാണ് മൊഴി.