മലപ്പുറം: ഒറ്റപ്പാലത്തുനിന്ന് നിലമ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കാറിൻ്റെ ബോണറ്റിനുള്ളിൽ കയറിപ്പറ്റിയ പൂച്ച, യാതൊരു പോറലുമേൽക്കാതെ കിലോമീറ്ററുകളോളം സഞ്ചരിച്ച് എല്ലാവരെയും അമ്പരപ്പിച്ചു. കാർ പെരിന്തൽമണ്ണ നഗരത്തിൽ എത്തിയപ്പോഴാണ് ഒരു ജീവൻ്റെ ഈ സാഹസികയാത്ര ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.
ഒറ്റപ്പാലം സ്വദേശികളായ അഭിരാമും, ആഷിഖും, രാജീവുമാണ് ഈ അപ്രതീക്ഷിത അതിഥിയുമായി യാത്ര ചെയ്തത്. എവിടെ വെച്ചാണ് പൂച്ച ബോണറ്റിനുള്ളിലേക്ക് കടന്നതെന്ന കാര്യത്തിൽ അവർക്ക് വ്യക്തതയില്ല. എഞ്ചിൻ്റെ ചൂടോ ശബ്ദമോ പ്രശ്‌നമാക്കാതെ ഇത്ര ദൂരം സഞ്ചരിച്ച ഈ 'മിടുക്കൻ' പൂച്ചയുടെ നിലവിളിയോ മറ്റ് ശബ്ദങ്ങളോ ആദ്യം യാത്രക്കാർ ശ്രദ്ധിച്ചിരുന്നില്ല.
എന്നാൽ, കാർ പെരിന്തൽമണ്ണയിൽ എത്തിയപ്പോൾ കാറിനുള്ളിൽ അസ്വാഭാവികമായ ശബ്ദം കേട്ട് സംശയം തോന്നിയപ്പോഴാണ് ഇവർ വാഹനം നിർത്തി പരിശോധിച്ചത്. ബോണറ്റിനുള്ളിൽ ഒരു പൂച്ച കുടുങ്ങിക്കിടക്കുന്നതായി മനസ്സിലാക്കിയതോടെ ഉടൻതന്നെ ഫയർഫോഴ്‌സ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.