ന്യൂഡൽഹി: ഗസ്സയിൽ സമാധാനം സ്ഥാപിക്കുന്നതിനായി തിങ്കളാഴ്ച (ഒക്ടോബർ 13) ഈജിപ്തിലെ ശറം അൽ ഷെയ്ക്കിൽ നടക്കുന്ന "സമാധാന ഉച്ചകോടിയിൽ" പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ക്ഷണം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും ക്ഷണിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഉന്നതതല ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കില്ലെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡേയും റിപ്പോർട്ട് ചെയ്തു.
ഡൊണാൾഡ് ട്രംപും അൽ-സിസിയും ചേർന്ന് അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സ്‌ഞ്ചസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുൾപ്പെടെ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും.
ഉച്ചകോടിയിൽ ഇന്ത്യ എത്തുന്നതോടെ മധ്യപൂർവദേശത്ത് സാന്നിധ്യം പ്രകടിപ്പിക്കാനും, ഫലസ്തീൻ രാഷ്ട്രത്തോടുള്ള ഇന്ത്യയുടെ സമീപനം പ്രകടിപ്പിക്കാനും അവസരം ലഭിക്കും. ഈജിപ്തുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തിന് ഉത്തേജനം നൽകാനുമുള്ള അവസരം കൂടിയായി ഉച്ചകോടി മാറും. മോദി നേരിട്ട് എത്താത്തതിനാൽ ട്രംപിനെ കാണാനുള്ള അവസരം ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പുതിയ ഒരു അധ്യായം തുറക്കുക എന്നിവയാണ് 'സമാധാന ഉച്ചകോടി'യുടെ ലക്ഷ്യങ്ങൾ.