തിരുവനന്തപുരം: മലയാള സിനിമയിൽ വീണ്ടും കത്രിക വച്ച് സെൻസർ ബോർഡ്. നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം ഒഴിവാക്കാനാണ് നിർദേശം നൽകിയത്. സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ ചിത്രമായ അവിഹിതം എന്ന സിനിമയിലാണ് മാറ്റം നിർദേശിച്ചത്. സിനിമയിൽ 'നീയും നിന്റെ സീതയും തമ്മിലുള്ള..' എന്ന് തുടങ്ങുന്ന ഡയലോഗാണ് മാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചത്. സെൻസർ ബോർഡ് നിർദേശത്തെ തുടർന്ന് ഡയലോഗുകൾ സിനിമയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
നേരത്തെ ഹാൽ എന്ന സിനിമക്കും സെൻസർ ബോർഡ് മാറ്റം നിർദേശിച്ചിരുന്നു. ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമർശങ്ങളും ഒഴിവാക്കണം തുടങ്ങി നിരവധി നിർദേശങ്ങളാണ് നിർദേശിച്ചിരുന്നത്. സിനിമയിലെ ഒരു രംഗത്തിൽ നായിക പർദ ധരിക്കുന്ന രംഗം നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേതുടർന്ന് നിരവധി സിനിമ അണിയറ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. ഹാൽ സിനിമയിലെ സെൻസർ ബോർഡിൻ്റെ നടപടിയിൽ ചേംബർ കടുത്ത നടപടിയുമായി മുന്നോട്ട് പോകുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫൻ. സെൻസർബോർഡ് കേരളത്തിലും സംഘ്പരിവാർ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നുവെന്ന് സംവിധായകൻ ഹർഷദ് പറഞ്ഞു.