ഗസ്സ: രണ്ട് വർഷം നീണ്ട വംശഹത്യ യുദ്ധത്തിനൊടുവിൽ ഗസ്സയിൽ ബന്ദികൈമാറ്റം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. രണ്ട് മണിക്കൂറുകൾക്ക് ശേഷം ബാക്കിയുള്ള ബന്ദികളെയും വിട്ടയക്കും. മൂന്നിടങ്ങളിൽ നിന്നായി 20 ബന്ദികളെയാണ് റെഡ് ക്രോസിന് കൈമാറുന്നത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അൽപ സമയത്തിനകം ഇസ്രായേലിൽ എത്തും. ഫലസ്തീൻ ബന്ദികളെ ഇസ്രായേലും ഇന്ന് തന്നെ മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ വിട്ടയക്കുമെന്ന് പറഞ്ഞ 1,900ലധികം ഫലസ്തീൻ തടവുകാരുടെ പേരുകൾ ഹമാസ് പുറത്തുവിട്ടു. റെഡ് ക്രോസ് മോചനത്തിന് മേൽനോട്ടം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫലസ്തീൻ തടവുകാരെ ഗസ്സയിലേക്കോ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കോ തിരികെ കൊണ്ടുപോകുന്നതിനായി നിരവധി വാഹനങ്ങൾ ഇതിനകം ഇസ്രായേലിലെ ഓഫർ ജയിലിൽ കാത്തിരിക്കുന്നുണ്ട്.
എന്നാൽ മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടികയിൽ നിന്ന് മർവാൻ ബർഗൂത്തിയെയും പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ നേതാവായ അഹമ്മദ് സാദത്തിനെയും ഒഴിവാക്കിയതായി ഹമാസ്. രണ്ടുപേരെയും വിട്ടയക്കില്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതെന്ന് ഹമാസ് വിശദീകരണം.