ന്യൂഡല്‍ഹി: പൊതുമേഖല ബാങ്ക് ലയനങ്ങളുടെ അടുത്തഘട്ടവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) കാനറ ബാങ്ക് എന്നിവയ്ക്കു കീഴിലേക്ക് മറ്റ് ബാങ്കുകളെ ലയിപ്പിക്കുകയാണ് ചെയ്യുക. ലയന നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം കേന്ദ്ര ധനകാര്യമന്ത്രാലയം അനുമതി നല്‍കി.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്.ബി.ഐയില്‍ ലയിപ്പിക്കും. യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (യു.ബി.ഐ), ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയെ കാനറ ബാങ്കിലും, ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐ.ഒ.ബി) എന്നിവയെ പഞ്ചാബ് നാഷണല്‍ ബാങ്കിലും ലയിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്താകെ 12 പൊതുമേഖല ബാങ്കുകളാണുള്ളത്. ലയനത്തോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നായി ചുരുങ്ങും.
ഇതിന് മുമ്പ് 2020 ഏപ്രിലിലാണ് പൊതുമേഖല ബാങ്കുകളുടെ ലയനം നടന്നത്. ഓറിയന്റല്‍ ബാങ്ക് കോമേഴ്‌സ്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ പഞ്ചാബ് നാഷനല്‍ ബാങ്കിലും സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കിലും അലഹബാദ് ബാങ്കിനെ ഇന്ത്യന്‍ ബാങ്കിലും ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയെ യൂനിയന്‍ ബാങ്കിലും ലയിപ്പിക്കുകയായിരുന്നു.
രാജ്യാന്തരരംഗത്തെ വമ്പന്‍ കമ്പനികള്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ അവരുടെ വായ്പ ആവശ്യകതകള്‍ നിരവേറ്റാന്‍ കഴിയുന്ന തരത്തില്‍ ഇന്ത്യയിലെ ബാങ്കുകളുടെ ശേഷി ഉയര്‍ത്തേണ്ടതുണ്ട്. അതിനാല്‍ ലയനത്തിലൂടെ ആഗോളതലത്തില്‍ മത്സരക്ഷമതയുള്ള പൊതുമേഖലാ ബാങ്കുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. നിലവില്‍ ഇന്ത്യയുടെ എസ്.ബി.ഐ ആഗോള റാങ്കിങ്ങില്‍ 43ാം സ്ഥാനത്താണുള്ളത്. 66.8 ലക്ഷം കോടിയാണ് ബാങ്കിന്റെ ആസ്തി. പി.എന്‍.ബിക്ക് 8.2 ലക്ഷം കോടിയും കാനറ ബാങ്കിന് 16.8 ലക്ഷവും ആസ്തിയുമുണ്ട്.
ബാങ്ക് ലയനത്തിനൊപ്പം പൊതുമേഖല ബാങ്കുകളുടെ നേതൃത്വവുമായി ബന്ധപ്പെട്ട പുതിയ ചട്ടവും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതുപ്രകാരം പൊതുമേഖല ബാങ്കുകളുടെ തലപ്പത്തേക്ക് യോഗ്യരും മത്സരക്ഷമതയുമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വരാം. പുതിയ നീക്കങ്ങളെ 'ഗെയിം ചേയ്ഞ്ചര്‍' എന്നാണ് ഇന്ത്യന്‍ ബാങ്കിങ് രംഗത്തുള്ളവര്‍ വിശേഷിപ്പിച്ചത്.