ആരോഗ്യ രംഗത്തും മറ്റെല്ലാ മേഖലകളിലും കേരളം അഴിമതിക്കാരുടെയും കള്ളക്കടത്തുകാരുടെയും അമ്പലക്കൊള്ളക്കാരുടെയും കുഴൽപ്പണക്കാരുടെയും സ്വർണ്ണക്കടത്തുകാരുടെയും പറുദീസയായി മാറി. ആഭ്യന്തര വകുപ്പും ആഭ്യന്തര മന്ത്രിയുമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുവാൻ കഴിഞ്ഞു എന്നതാണ് L.D.F. സർക്കാരിൻ്റെ ഒമ്പതര വർഷത്തെ ഭരണനേട്ടമെന്ന് R.H.I.A. സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.
ആരോഗ്യ രംഗത്ത് ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫിനു വരെ വിലയില്ലാതായി. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ആക്രമിക്കപ്പെടുന്നത് നിത്യ സംഭവങ്ങളായി മാറി. മരുന്നും മറ്റു അവശ്യ വസ്തുക്കളും ഇല്ലാത്ത ആശുപത്രികളാക്കി മാറ്റി. സംസ്ഥാനത്തിൻ്റെ പൊതുകടം 10 വർഷം കൊണ്ട് ഇത്രയധികം വർദ്ധിച്ച കാലഘട്ടം കേരളത്തിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. കിഫ്ബി , ലൈഫ് മിഷൻ പദ്ധതികളിൽ പൂർത്തിയാക്കിയതെല്ലാം അഴിമതിയുടെ ചെളിക്കുണ്ടിലാണ്.
പത്ത് വർഷത്തെ വിദേശ സന്ദർശനങ്ങൾ കൊണ്ട് സംസ്ഥാനത്തിനുണ്ടായ നഷ്ടം കോടികൾ വരും. ഒരു വിദേശ പദ്ധതിയും വിദേശഫണ്ടും കേരളത്തിനു ലഭിച്ചില്ലായെന്ന് മാത്രമല്ല രാഷ്ട്രീയ അഴിമതിക്കും ഉദ്യോഗസ്ഥ അഴിമതികൾക്കും പേരുകേട്ട സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ഇന്ത്യൻ സംസ്ഥാനങ്ങളുടെയും ലോക രാഷ്ട്രങ്ങളുടെയും മുമ്പിൽ മലയാളിയെ നാണം കെടുത്തി. ലോകത്ത് എവിടെയായാലും മലയാളിക്ക് ഉണ്ടായിരുന്ന മേൻമ കളഞ്ഞുകുളിച്ചു വെന്നതാണ് ഈ സർക്കാരിനുള്ള പൊൻ തൂവൽ.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും മൂന്ന് വർഷമായി വിവിധ ക്ഷാമബത്തകളുടെ അനുവദിച്ച പരിഷ്കരണ കുടിശ്ശികകളും ഉടൻ നൽകണമെന്ന് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് T. S. പവിത്രൻ അദ്ധ്യക്ഷനായിരുന്നു. ആൻസി തോമാസ് കൂത്താട്ടുകുളം, നിർമ്മല ഹരി ഇരിങ്ങാലക്കുട, പ്രഭാകരൻ വയനാട്, രാമകൃഷ്ണൻ മുല്ലനേഴി , സോജൻ താമരശ്ശേരി, കൃഷ്ണനുണ്ണി പൊയ്യാറ, പവിത്രമോഹൻ കണ്ണൂർ, റാബിയ സലീം ആലപ്പുഴ എന്നിവർ സംസാരിച്ചു. കെ.ബി. പ്രേമരാജൻ സ്വാഗതവും ടി. ലളിത പെരളശ്ശേരി നന്ദിയും പറഞ്ഞു.