കോഴിക്കോട്: ഹോട്ടലുകളിലെ നേർച്ചപ്പെട്ടി മോഷണം പതിവാക്കിയ പ്രതി പിടിയിൽ. അരീക്കാട്ടെ ഹോട്ട് ബേക്ക് ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിൽ സ്ഥാപിച്ചിരുന്ന പണം അടങ്ങിയ നേർച്ചപെട്ടി മോഷ്ടിച്ച കേസിലെ പ്രതി തൃശ്ശൂർ ചാഴുർ സ്വദേശി തേക്കിനിയേടത്ത് സന്തോഷ് കുമാറിനെയാണ് ഫറോക്ക് എസിപി സ്‌ക്വാഡും നല്ലളം പോലീസും ചേർന്ന് പിടികൂടിയത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ രാവിലെയോടെയാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം 23ന് രാവിലെ അരിക്കാട് അങ്ങാടിയിൽ പ്രവർത്തിക്കുന്ന ഹോട്ട് ബേക്ക് എന്ന ഹോട്ടലിൽ കയറിയ പ്രതി ചായ കുടിച്ച ശേഷം ക്യാഷ് കൗണ്ടറിൽ അളൊഴിഞ്ഞ തക്കം നോക്കി, ചായ കുടിച്ച പണം ചില്ലറയായി നൽകുകയും, തത്സമയം ക്യാഷ് കൗണ്ടറിൽ ഇരുന്ന ആൾ ചില്ലറ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ പ്രതി വിദഗ്ധമായി ക്യാഷ് കൗണ്ടറിനു മുകളിലുണ്ടായിരുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പണം അടങ്ങിയ ബോക്സ് കൈക്കലാക്കുകയുമായിരുന്നു. കോഴിക്കോട് വാടക വീടുകൾ
കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർന്നുള്ള ചോദ്യം ചെയ്യലിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലായി സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയതിന് പ്രതിക്കെതിരെ നാലു കേസുകൾ നിലവിലുള്ളതായി അറിയാൻ സാധിച്ചു. കൂടാതെ കഴിഞ്ഞ മാസം പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ പുത്തൂർമഠത്തിലുള്ള ബിന്ദു എന്ന ഹോട്ടലിലും പ്രതി സമാന രീതിയിൽ മോഷണം നടത്തിയതായി വ്യക്തമായിട്ടുണ്ട്. നല്ലളം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.