ഗസ്സ: വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ അഞ്ച് ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം. പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേലി സൈനികരെ സമീപിച്ച ഫലസ്തീനികളെയാണ് സൈന്യം വധിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഖാൻ യൂനിസിൽ നടന്ന വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്കിടയിലും ഗസ്സ വെടിനിർത്തൽ കരാർ മധ്യപൂർവദേശത്ത് 'ശാശ്വത സമാധാനം' കൊണ്ടുവരുമെന്ന് ഡൊണാൾഡ് ട്രംപ്.
വെടിനിർത്തൽ കരാറിനുശേഷവും ഇസ്രായേൽ ഫാലസ്തീനികളെ കൊല്ലുന്നത് തുടരുന്നതിനെ അധിനിവേശ ഫലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ് അപലപിച്ചു. 'ഇസ്രായേലിന്റെ അഭിപ്രായത്തിൽ വെടിനിർത്തൽ എന്നാൽ ‘നിങ്ങൾ നിർത്തൂ, ഞങ്ങൾ വെടിവെക്കാം എന്നാണ്.' അതിനെ ‘സമാധാനം’ എന്ന് വിളിക്കുന്നത് അപമാനവും ശ്രദ്ധ തിരിക്കുന്നതുമാണ്.' അൽബനീസ് എക്‌സിൽ കുറിച്ചു.
ജബാലിയയിലെ ഹലാവ പ്രദേശത്ത് ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ നിരവധി ഫലസ്തീനികൾക്ക് പരിക്കേറ്റതായും ഗസ്സ എമർജൻസി സർവീസസിൽ നിന്നുള്ള വൃത്തത്തെ ഉദ്ദരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വെടിനിർത്തലിന് ശേഷം ഗസ്സ വീണ്ടെടുക്കലിന് തലമുറകൾ വേണ്ടിവരുമെന്ന് യുഎൻ വിദഗ്ദ്ധൻ അഭിപ്രായപ്പെട്ടു.