തെല്‍ അവിവ്: ഗസ്സയിലേക്കുള്ള സഹായത്തില്‍ നിയന്ത്രണമേര്‍പെടുത്തി ഇസ്‌റാഈല്‍. ഗസ്സയില്‍നിന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് വൈകുന്നതില്‍ പ്രതികാര നടപടിയായാണ് നീക്കം. ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ അനുവദിച്ച ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ച് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുമെന്നും സൈന്യം അറിയിച്ചു.
സഹായം കൈമാറുന്നതിന്റെ ചുമതലയുള്ള സൈനിക ഏജന്‍സി ഗസ്സയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫിസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ഗസ്സ മുനമ്പിലേക്ക് പ്രതിദിനം 300 സഹായ ട്രക്കുകള്‍ മാത്രമേ അനുവദിക്കൂ എന്നുമാണ് ഇസ്‌റാഈല്‍ അറിയിച്ചിരിക്കുന്നത്. ട്രക്കുകളുടെ എണ്ണം കുറക്കുന്നത് യു.എസ് ഉദ്യോഗസ്ഥരെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസ് ഇസ്‌റാഈലിന് കൈമാറി. ഇതോടെ എട്ട് മൃതദേഹങ്ങള്‍ കൈമാറിയതായി ഇസ്‌റാഈല്‍ അറിയിച്ചു. 28 മൃതദേഹങ്ങളില്‍ നാലെണ്ണമാണ് തിങ്കളാഴ്ച എത്തിച്ചിരുന്നത്. നടപടി വേഗത്തിലാക്കാന്‍ അന്താരാഷ്ട്ര മധ്യസ്ഥര്‍ വഴി ഇസ്‌റാഈല്‍ ഹമാസില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഏറ്റു വാങ്ങിയ മൃതദേഹങ്ങള്‍ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
അതേസമയം, ഗസ്സയില്‍ യുദ്ധവിരാമ പ്രഖ്യാപനത്തിന് 24 മണിക്കൂര്‍ കഴിയുംമുമ്പേ വെടിനിര്‍ത്തല്‍ ലംഘിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍ സൈന്യം. ചൊവ്വാഴ്ച ഗസ്സയിലെ രണ്ടിടങ്ങളിലുണ്ടായ സൈനികാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം സ്ഥിരീകരിക്കുന്നു. ഗസ്സ സിറ്റിയിലെ ശുജാഇയ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ആറുപേര്‍ കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസിലെ അല്‍ ഫുഖാരിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു. വെടിനിര്‍ത്തലിനെ തുടര്‍ന്ന് മാസങ്ങള്‍ക്കുശേഷം വീടുകള്‍ തേടി മേഖലയിലേക്ക് തിരിച്ചെത്തിയവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച ഈജിപ്തിലെ ശറമുശ്ശൈഖില്‍ ഇസ്‌റാഈല്‍-ഹമാസ് ചര്‍ച്ചയെതുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായത്. തിങ്കളാഴ്ച രാത്രി ഈജിപ്തില്‍ നടന്ന ഗസ്സ അന്താരാഷ്ട്ര ഉച്ചകോടിയില്‍ ഗസ്സയില്‍ യുദ്ധവിരാമമായതായി പ്രഖ്യാപനവും നടന്നിരുന്നു. ഇതിനുപിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടത്. എന്നാല്‍ ആക്രമണത്തെ ന്യായീകരിക്കുകയാണ് നെതന്യാഹു ഭരണകൂടവും.