പേരാമ്പ്ര: പേരാമ്പ്ര സംഘര്‍ഷത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. പൊലീസ് നിന്ന ഭാഗത്തു നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ വന്നതെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. പൊലീസാണ് സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞതെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആറു ദൃശ്യങ്ങളാണ് കോഴിക്കോട് ഡിസിസി പുറത്തു വിട്ടത്.
പൊലീസ് നില്‍ക്കുന്ന ഭാഗത്തു നിന്നും ഒരു വസ്തു മുകളിലൂടെ വരുന്നതും, തൊട്ടപ്പുറത്തു ചെന്ന് പൊട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎം പ്രവര്‍ത്തകരും പൊലീസും നിന്ന ഭാഗത്തു നിന്നാണ് സ്‌ഫോടക വസ്തു വന്നതെന്ന് ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. തൊട്ടുമുമ്പ് ഗ്രനേഡ് എറിയുന്നു. അതിന്റെ പുക അന്തരീക്ഷത്തില്‍ നിറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആകെ ബുദ്ധിമുട്ടുന്നു. അപ്പോഴാണ് സ്‌ഫോടക വസ്തു വരുന്നതും നിലത്തു വീണു പൊട്ടുന്നതും. പ്രവീണ്‍ കുമാര്‍ പറഞ്ഞു.
സ്‌ഫോടക വസ്തുവുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ല. അത് സിപിഎമ്മിനും പൊലീസിനും മാത്രമേ അറിയൂ. പ്രകടനവുമായി മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. പൊലീസിനോട് അനുവാദം ചോദിച്ചപ്പോള്‍, 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി നില്‍പ്പുണ്ടെന്നും അങ്ങോട്ടു പോയാല്‍ കലാപം ഉണ്ടാകുമെന്നുമാണ് ഡിവൈഎസ്പി സുനില്‍ തന്നോടും ഷാഫി പറമ്പിലിനോടും പറഞ്ഞതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു