മലപ്പുറം .: വണ്ടൂർ തിരുവാലിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ബസ്സിനടിയിലേക്ക് തെറിച്ച യുവാവിന് ദാരുണാന്ത്യം.
വണ്ടൂർ തിരുവാലി വട്ടപ്പറമ്പ് സ്വദേശി മാന്തോടി ജിഷ്ണു(28) ആണ് മരിച്ചത്. തിരുവാലി അങ്ങാടിയിൽ പച്ചക്കറിക്കട നടത്തുന്ന കൃഷ്ണൻ്റെയും ഗ്രാമപഞ്ചായത്ത് ആശാ പ്രവർത്തക സുജാതയുടെയും മകനാണ് മരിച്ച ജിഷ്ണു
തിരുവാലി അങ്ങാടിക്ക് സമീപം വ്യാഴാഴ്ച രാവിലെ 9.30നാണ് സംഭവം. തിരുവാലിയിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ജിഷ്ണു മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വന്ന ബസ്സിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വണ്ടൂർ ഭാഗത്ത് നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന പക്കീസ ബസ്സാണ് അപകടത്തിൽ പെട്ടത്. തെറിച്ചുവീണ ജിഷ്ണുവിനെ ബസ് ഏതാനും ദൂരം വലിച്ചിഴച്ച നിലയിലായിരുന്നു. എടവണ്ണ പോലീസും തിരുവാലി ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി ഗതാഗത നിയന്ത്രണവും രക്ഷാപ്രവർത്തനങ്ങളും നടത്തി.