തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തതായി സൂചന. പ്രത്യേക അന്വേഷണ സംഘം രാവിലെ വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെ വിവരം പുറത്തുവരാനുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പോറ്റിയെ കസ്റ്റഡിയിലെടുക്കുന്നത്. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തുദിവസത്തിനകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റി എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നതുൾപ്പെടെ ചോദ്യം ചെയ്യലിൽ പുറത്തുവരണം. തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ആണ് ചോദ്യം ചെയ്യലെന്നാണ് സൂചന.
ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥനായ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ശബരിമലയിലെ അസിസ്റ്റന്റ് എൻജിനീയറായിരുന്നു സുനിൽ കുമാർ. രണ്ടു ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ സർവീസിൽ ഉള്ളത്. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അറിയിച്ചിരുന്നു. 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിജയ് മല്യ നല്‍കിയ സ്വർണം ചെമ്പാണെന്ന് ബി മുരാരി ബാബു റിപ്പോർട്ട് നൽകിയിരുന്നു. 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളി കൊടുത്തുവിട്ടതും മുരാരി ബാബുവാണ്. അന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. 2019 ൽ സ്വർണ്ണം ചെമ്പാണെന്ന് എഴുതിയതും മുരാരി ബാബു ആയിരുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണമെന്ന് പി എസ് പ്രശാന്ത്
ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം ബോര്‍ഡിന്‍റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെയെന്ന് പ്രശാന്ത് പറഞ്ഞു. ബോര്‍ഡുമായി ബന്ധപ്പെട്ട് നടപടി അവതാരങ്ങളുണ്ടായിട്ടുണ്ടെന്ന് വിമര്‍ശിച്ച പ്രശാന്ത്, പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു. വിരമിച്ചവര്‍ക്കെതിരെ അന്തിമ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും നടപടി. പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താന്‍ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്‍കിയ സ്വര്‍ണം അടക്കം പിടിച്ചെടുക്കണമെന്നും പ്രശാന്ത് പറഞ്ഞു.