ഗസ്സ സിറ്റി: ഒരു പോരാളിയെ നിങ്ങള്‍ വധിച്ചാല്‍ അതില്‍ നിന്നും ആയിരം പോരാളികള്‍ ജന്മമെടുക്കും. അതിനേക്കാള്‍ കരുത്തുറ്റവരായി വീരരായി ശൂരരായി അവര്‍ വളര്‍ന്നു വരും. ഉയര്‍ന്നു വരും. ഗസ്സ ലോകത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. നിങ്ങള്‍ക്ക് കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല. അലി അല്‍ ജഫറാവിയും ഇതു തന്നെയാണ് ലോകത്തോട് പറയുന്നത്. ഇസ്‌റാഈല്‍ അതിക്രൂരമായി കൊന്നുകളഞ്ഞ പ്രിയപ്പെട്ട സഹോദരന്‍ സാലിഹ് അല്‍ ജഫറാവിയുടെ പ്രസ് ജാക്കറ്റ് എടുത്തണിഞ്ഞ് അവന്‍ ലോകത്തോട് സംവദിച്ച അതേ മണ്ണിലുറച്ച് നിന്ന് അലി പറയുന്നു. ഗസ്സ ഇവിടെയുണ്ട്. ഗസ്സയിലെ ജനങ്ങളും. ഒരു വംശഹത്യക്കും ഉന്മൂലന വേട്ടകള്‍ക്കും പിഴുതെറിയാനാവില്ല ഞങ്ങളുടെ ഈ സ്ഥൈര്യത്തെ.
ഗസ്സയിലെ വെടിനിര്‍ത്തല്‍ വാര്‍ത്ത സന്തോഷത്തോടെ ലോകത്തോട് വിളിച്ചു പറഞ്ഞതിനു പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകന്‍ സാലിഹ് അല്‍ ജഫറാവിയെ ഇസ്‌റാഈല്‍ സൈന്യം നിഷ്‌കരുണം കൊലപ്പെടുത്തിയത്. ഏറെ ഞെട്ടലോടെയും വേദനയോടെയുമാണ് ലോകം ഈ വാര്‍ത്ത ശ്രവിച്ചത്. ലോകജനതക്ക് ഏറെ പരിചിതനായിരുന്നു അദ്ദേഹം. അത്രയേറെ അദ്ദേഹം ഗസ്സയുടെ വര്‍ത്തമാനങ്ങളുമായി ലോകത്തിന് മുന്നില്‍ വന്നിട്ടുണ്ട്. ഗസ്സയുടെ വെടിനിര്‍ത്തല്‍ സന്തോഷവും ലോകമറിഞ്ഞത് സാലിഹിലൂടെയായിരുന്നു.
സാലിഹിന്റെ പ്രസ് ജാക്കറ്റ് ധരിച്ച അലി ജഫറാവിയുടെ ഫോട്ടോ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഗസ്സാ മണ്ണില്‍ സധൈര്യം അവന്‍ ജേഷ്ഠ സഹോദരന്റെ പാരമ്പര്യം തുടരുമെന്ന് ചിത്രം പങ്കുവെച്ചവര്‍ കുറിക്കുന്നു.
ഗസ്സയിലെ കുട്ടികളുടെ ഇടയിലും ഏറെ പ്രിയങ്കരനായിരുന്നു സാലിഹ്. പാട്ടുപാടാന്‍ ഇഷ്ടപ്പെടുന്ന, എപ്പോഴും നിറഞ്ഞു ചിരിക്കുന്ന ചെറുപ്പക്കാരന്‍. കുഞ്ഞുമക്കള്‍ക്ക് മാധ്യമപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുക്കുമായിരുന്നു അദ്ദേഹം. തന്റെ ദൗത്യത്തിനിടെ എപ്പോള്‍ വേണമെങ്കിലും ജീവന്‍ എടുക്കപ്പെടാമെന്ന് ഉറപ്പുണ്ടായിരുന്ന സാലിഹിന്. നിരവധി തവണ ഈ ആശങ്ക അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് മൂന്നാം ദിനം ഇസ്‌റാഈല്‍ സൈന്യം പിന്‍മാറുന്നതിന്റെയും ബന്ദി മോചനത്തിന്റെയും വാര്‍ത്തകള്‍ക്കിടെയാണ് രണ്ടു വര്‍ഷം നീണ്ടു നിന്ന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്റെ രക്തസാക്ഷിത്വ വാര്‍ത്തയുമെത്തുന്നത്. സബ്ര മേഖലയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അധിനിവേശ സേനയുടെ പിന്തുണയുള്ള സായുധ സംഘം സാലിഹ് അല്‍ ജഫറാവിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പോയിന്റ് ബ്ലാങ്കില്‍ ഏഴ് ബുള്ളറ്റുകള്‍ തൊടുത്തുവിട്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഘര്‍ഷ സ്ഥലത്തെ ട്രക്കിന് പിറകിലായി 'പ്രസ്' ജാക്കറ്റ് ധരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രിയസഹോദരന്റെ ധീരതയുടെ പ്രതീകമായ അതേ പ്രസ് ജാക്കറ്റാണ് ഇപ്പോള്‍ അലിയുടെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്നതും.