കോഴിക്കോട്: താമരശ്ശേരിയിൽ നാലാംക്ലാസ് വിദ്യാർഥിനിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയെ തുടർന്നാണ് 9 വയസ്സുകാരി അനയ മരിച്ചതെന്നാണ് പോസ്റ്റേമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ അമീബിക് മസ്തിഷ്കജ്വരമെന്ന് രേഖപ്പെടുത്തിയിരുന്നു.
കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ കുടുംബം ഇത് നിഷേധിച്ചിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ നൽകിയില്ലെന്ന ആരോപണത്തെ തുടർന്നാണ് മകൾ മരിച്ചത് എന്നായിരുന്നു അച്ഛൻ സനൂപിന്റെ ആരോപണം. ആരോഗ്യവകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആശുപത്രി അധികൃതരും അറിയിച്ചതിന് പിന്നാലെയാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ വിടിയെ കത്തി ഉപയോഗിച്ച് വെട്ടി കൊല്ലാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഡോക്ടർക്ക് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. ഈ കേസിൽ സനൂപ് ജയിലിലാണ്. അതേസമയം ചികിത്സയിലുള്ള ഡോക്ടർ വിപിൻ ആശുപത്രി വിട്ടിരുന്നു.
ഈ മാസം 11-നാണ് തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ വിടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. തലയ്ക്ക് 8 സെന്റിമീറ്റർ ആഴത്തിലുള്ള മുറിവിന് സർജറി നടത്തിയിരുന്നു. അതേസമയം സനൂപിനെതിരെ വധശ്രമം, അതിക്രമിച്ചുകയറി ആക്രമിക്കൽ, ആശുപത്രി സംരക്ഷണ നിയമത്തിന്റെ 3, 4 വകുപ്പുകൾ എന്നിവ ചുമത്തി കേസെടുത്തിട്ടുണ്ട്.