തിരുവനന്തപുരം : ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. പുലർച്ചെ 2.30 നാണ് പ്രത്യേക അന്വേഷണ സംഘം പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എസ്ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിർണായക നടപടി. ഇന്നലെ രാവിലെ പുളിമാത്തെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്പി പി. ബിജോയിയുടെ നേതൃത്വത്തിൽ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചുവെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും.