കൊച്ചി: ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിക്കുന്നു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും രക്ഷിതാക്കൾ മീഡിയവണിനോട് പറഞ്ഞു. വിഷയത്തിൽ ഇടപെട്ട സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും പിതാവ് നന്ദി പറഞ്ഞു.
മതസൗഹാർദം തകരുന്ന ഒന്നും സമൂഹത്തിൽ ഉണ്ടാകരുതെന്നും പി.എം അനസ് വ്യക്തമാക്കി. പേടിയും പനിയും വന്ന് മകൾ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളിൽ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോൾ സ്‌കൂൾ അധികൃതർ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കുൾപ്പെടെ താൻ പരാതി നൽകുകയും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും മകൾക്ക് ഹിജാബ് ധരിച്ച് പോകാൻ മാനേജ്‌മെന്റ് അനുവദിക്കുന്നില്ല.
അവിടെ പഠിക്കണോ എന്ന് മകളോട് ചോദിച്ചപ്പോൾ അതിന് മാനസികമായി വളരെ ബുദ്ധിമുട്ടുണ്ടെന്നാണ് അവൾ പറഞ്ഞത്. മകളുടെ തുടർപഠനവും ഭാവിയും ഉദ്ദേശിച്ചും സമൂഹത്തിൽ സംഘർഷ സാധ്യതയൊഴിവാക്കാനും നാടിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി അവളുടെ തുടർവിദ്യാഭ്യാസം മറ്റൊരു സ്‌കൂളിലാക്കാനാണ് തീരുമാനം. താൻ കാരണം ഈ പ്രദേശത്ത് ഒരു പ്രശ്‌നവും ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല.
മകൾ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ പോകുമ്പോൾ അതേപോലെ ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകൾ പറയുന്നത് അവളുടെ വസ്ത്രധാരണം മൂലം കുട്ടികൾക്ക് ഭീതിയും ഭയവുമാണെന്നാണ്. അങ്ങനെ പറയുന്ന സ്‌കൂളിൽ ഇനി മകളെ വിടാനാവില്ല. പരാതിയിൽ നീതിപൂർവം ഇടപെട്ട സർക്കാരിന് നന്ദിയുണ്ടെന്നും പിതാവ് അനസ് വ്യക്തമാക്കി.