കോട്ടയം: ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി ഹൈക്കോടതി. മതിയായ കാരണങ്ങളില്ലാതെയാണ് സ്ഥലംമാറ്റം എന്ന് നിരീക്ഷിച്ചാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ ജയ്‌മോന്‍ ജോസഫിനെ സ്ഥലം മാറ്റിയത്. ഇതിനെത്തുടര്‍ന്നാണ് ജയ്‌മോന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജിക്കാരനെ പൊന്‍കുന്നം യൂനിറ്റില്‍ തന്നെ ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ദീര്‍ഘദൂര ഡൈവര്‍മാര്‍ കുടിവെള്ളം കരുതുന്നത് തെറ്റായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. തുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിന്റെ ആവശ്യം.
അതേസമയം, അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെ.എസ്.ആര്‍.ടി.സി രംഗത്തെത്തി. ഡ്രൈവര്‍ ജെയ്‌മോന്‍ ജോസഫിനെ പൊന്‍കുന്നത്തു നിന്ന് പുതുക്കാടേക്ക് സ്ഥലം മാറ്റിയതില്‍ അപാകതയില്ലെന്നും ഡ്രൈവറുടെ സ്ഥലംമാറ്റം അച്ചടക്ക നടപടിയുടെ ഭാഗമാണെന്നും കെ.എസ്.ആര്‍.ടി,സി കോടതിയില്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍ പാലിച്ചില്ല, ബസ് വൃത്തിയായി സൂക്ഷിക്കണം എന്ന നിര്‍ദേശം പാലിച്ചില്ല, യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും കെ.എസ്.ആ.ര്‍.ടി.സി ന്യായീകരിച്ചു.
ബസിന്റെ മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ബസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്. കൊല്ലം ആയൂരില്‍ വെച്ചായിരുന്നു സംഭവം. മന്ത്രി തന്നെ നേരിട്ട് മൂന്ന് പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവരെ സ്ഥലംമാറ്റി ഉത്തരവായിരുന്നു. പുതുക്കാട് ഡിപ്പോയിലേക്കാണ് ജയ്മോനെ സ്ഥലം മാറ്റിയത്.