കൊച്ചി: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പുറത്തുനിർത്തിയ എറണാകുളം സെന്റ് റീത്താസ് സ്കൂൾ മാനേജ്മെൻറിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്ത്. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്ന വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാർഥിനി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ് എന്നും മന്ത്രി പറഞ്ഞു.
കുട്ടിയെ സ്‌കൂൾ മാറ്റാൻ തീരുമാനിച്ചതായി പിതാവ് അറിയിച്ചു. ടി.സി വാങ്ങാൻ തീരുമാനിച്ചതായി ഇന്ന് രാവിലെ മാധ്യമങ്ങളെ അറിയിച്ചു. കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പിതാവിനെതിരെ ഉൾപ്പെടെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. ഈ സാഹചര്യത്തിൽ ഉൾപ്പെടെയാണ് കുട്ടിയെ മാറ്റുന്നത്. ഹിജാബ് മാറ്റി പഠിക്കേണ്ട എന്ന നിലപാടിലാണ് വിദ്യാർഥിനിയും കുടുംബവും ഉള്ളത്. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ മാത്രം വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു സെന്റ് റീത്താസ് സ്കൂൾ മാനേജ്മെൻറ്.
അതേസമയം, കുട്ടിക്ക് ആ സ്കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട് എന്ന് വി. ശിവൻകുട്ടി പ്രതികരിച്ചു. സംഭവത്തിൽ ഉണ്ടായ വീഴ്ച പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്. ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്. കുട്ടിയെ വിളിച്ച് ആ പ്രശ്നം തീർക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു എന്നും പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസമെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു.
അതേസമയം, സ്‌കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുട്ടിയെ ക്ലാസ്സിൽ കയറ്റാതെ പുറത്ത് നിർത്തിയ നടപടി ഗുരുതര കൃത്യവിലോപമാണെന്നും റിപ്പോർട്ട് പറയുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വ്യക്തമായ ലംഘനം സ്‌കൂളിൽ നടന്നതായും പറയുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ ആണ് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് കൈമാറി.
സ്കൂളിൻ്റെ പി.ടി.എ തെരഞ്ഞെടുപ്പ് അശാസ്ത്രീയം എന്നും ഉപഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തി. സെന്റ് റീത്താസ് സ്‌കൂൾ മാനേജ്‌മെന്റിന്റെ താല്പര്യം സംരക്ഷിക്കുന്ന രീതിയിൽ ആണ് പി.ടി.എ തെരഞ്ഞെടുപ്പെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവാദ സംഭവത്തിൽ മാനേജ്‍മെന്റിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു പി.ടി.എ നിലപാട്.
ശിരോവസ്ത്രം ധരിച്ചെത്തുന്നവരെ സ്കൂളിൽ പ്രവേശിപ്പിക്കാറില്ലെന്നാണ് പിടിഎ പ്രസിഡൻറ് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് മൊഴി നൽകിയത്. എന്നാൽ ശിരോവസ്ത്രം വരാൻ പാടില്ല എന്ന് കൃത്യമായി സ്കൂൾ നിയമത്തിൽ രേഖപെടുത്താത്തത് എന്തെന്നുള്ള ചോദ്യത്തിനു മറുപടി പറയാൻ സ്കൂൾ മാനേജെന്റ്റ്റിന് കഴിഞ്ഞില്ല. ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരൻ്റെ മതപരമായ മൗലിക അവകാശങ്ങൾക്ക് വിരുദ്ധമായ നടപടികൾ സ്കൂൾ കൈക്കൊള്ളുന്നത് ഗുരുതരമായ വീഴ്ചയായും റിപ്പോർട്ടിൽ വിലയിരുത്തുന്നു.