തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പളിയുടെയും ദ്വാരപാലക ശില്പങ്ങളുടെയും സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ സ്‌പോണ്‍സണ്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് പോറ്റിയെ കസ്റ്റഡിയില്‍ വിട്ടത്. പത്തനംതിട്ട റാന്നി കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിയില്‍ വാദം കേട്ടതിന് ശേഷമാണ് പ്രത്യേക അഭ്യര്‍ഥന മാനിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വിട്ടത്.
രണ്ട് കേസുകളിലും ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് പുലര്‍ച്ചെ 2.30-ന് തിരുവനന്തപുരം ഓഫീസില്‍ രേഖപ്പെടുത്തിയിരുന്നു. അന്വേഷണം ആരംഭിച്ച് ആറാം ദിവസമാണ് അറസ്റ്റ്. 10 മണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. ദ്വാരപാലക ശില്‍പ്പപാളിയിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണമോഷണത്തില്‍ ക്രൈം നമ്പര്‍ 3700/25, 3701/ 25 എന്നിങ്ങനെ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടു കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് മുഖ്യപ്രതി. ഇന്നലെ രാവിലെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രത്യേകസംഘത്തിലെ രണ്ടു ടീമുകള്‍ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുന്നതിനിടെയാണ് പോറ്റിയെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലിരിക്കേ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ വിവരങ്ങള്‍ പരിശോധിക്കാന്‍ സന്നിധാനത്തും പരിശോധന നടത്തി.
പ്രത്യേക സംഘത്തിന് നേതൃത്വം നല്‍കുന്ന എസ്പി ശശിധരന്റെ നിര്‍ദേശപ്രകാരമാണ് ചോദ്യംചെയ്യല്‍ നടത്തിയത്. പുലര്‍ച്ചെ 3.40-ഓടെ പോറ്റിയെ തിരുവനന്തപുരം ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
ഉണ്ണികൃഷ്ണന്‍ പോറ്റി ഏതാനും ദിവസങ്ങളായി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാമെന്നതായിരുന്നു തീരുമാനം. ദ്വാരപാലക ശില്‍പ്പത്തിലെയും കട്ടിളകളിലെയും സ്വര്‍ണം ഉരുക്കിയെടുത്തത് എവിടെവച്ച് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണം. ഉരുക്കി വേര്‍തിരിച്ച സ്വര്‍ണം ആര്‍ക്കൊക്കെ കൈമാറ്റം ചെയ്തു, എവിടെയൊക്കെ സ്വര്‍ണപ്പാളി കൊണ്ടുപോയി എന്നതിലടക്കം അന്വേഷണം നീളും. ഇതിനു മുന്നോടിയായി ചെമ്പുപാളികളില്‍ സ്വര്‍ണം പൂശിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിലടക്കം സംഘം പരിശോധന നടത്തിയിരുന്നു. മോഷ്ടിച്ച സ്വര്‍ണം കൈമാറിയത് പോറ്റിയുടെ ബിനാമിയായ കല്‍പേഷിനാണെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് അന്വേഷണ സംഘത്തിനു മൊഴിയും നല്‍കി. എന്നാല്‍ കല്‍പേഷ് ആരാണെന്ന് സംഘത്തിന് ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ദേവസ്വം ആസ്ഥാനത്ത് എത്തിയ അന്വേഷണ സംഘം ദേവസ്വം എസ്.പിയുമായി കൂടിക്കാഴ്ച നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. രേഖകളിലെല്ലാം സ്വര്‍ണപ്പാളിയടക്കം പുറത്തക്കു കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതോടെയാണ് സംഘം കൂടുതല്‍ നടപടികളിലേക്ക് കടന്നത്.
ചോദ്യങ്ങളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പല മറുപടിയും തൃപ്തികരമല്ലെന്നായിരുന്നു വിജിലന്‍സ് സംഘവും റിപ്പോര്‍ട്ട് ചെയ്തത്. സ്വര്‍ണപ്പാളികളില്‍ ഉണ്ടായിരുന്ന സ്വര്‍ണം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറിയെന്നും അതു ദേവസ്വം ബോര്‍ഡിനെ തിരിച്ച് ഏല്‍പ്പിച്ചതായി രേഖകള്‍ ഇല്ലെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി പ്രത്യേക സംഘം രൂപീകരിച്ചത്.
ആദ്യം ശ്രീകോവിലിനു മുന്നിലെ സ്വര്‍ണപ്പാളികള്‍ 2019ല്‍ ഇളക്കിയെടുത്ത് സ്വര്‍ണം പൂശാനായി കൊണ്ടുപോയി. പിന്നാലെ ദ്വാരപാലക ശില്‍പങ്ങള്‍ ഇളക്കിയെടുത്തു. ഈ രണ്ടു സംഭവങ്ങളിലെയും സ്‌പോണ്‍സറാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ഇത്തരത്തില്‍ പാളികളും ശില്‍പ്പങ്ങളും ഇളക്കിയെടുക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ചതില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നും ഗൂഢാലോചനയില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നും കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ബോര്‍ഡ് അംഗങ്ങള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ഈ കൃത്യത്തില്‍ പങ്കുണ്ടോ എന്നതും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഗൂഢാലോചനയുടെ പിന്നില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍?
ശബരിമല ശില്പങ്ങളിലെ സ്വര്‍ണം ഉരുക്കി കൊള്ള നടത്തിയതിന് പിന്നിലെ വന്‍ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണ് എസ്‌ഐടിയുടെ പ്രധാന ലക്ഷ്യം. ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനവും നടത്തിയ ഇടപാടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ആരൊക്കെ പങ്കുചേര്‍ന്നു എന്നത് ഇനി അന്വേഷിക്കേണ്ട വിഷയമാണ്. സ്മാര്‍ട്ട് ക്രിയേഷന്‍ നല്‍കിയ മൊഴിയനുസരിച്ച്, 474 ഗ്രാം സ്വര്‍ണം പോറ്റിക്ക് തിരിച്ചനുവദിച്ചെങ്കിലും രേഖകള്‍ പ്രകാരം 11 ഗ്രാം അധിക സ്വര്‍ണം പോറ്റിയുടെ കൈയ്യിലുണ്ട്. കൊള്ള നടത്തിയ സ്വര്‍ണം പോറ്റി ബെംഗളൂരു സ്വദേശി കല്‍പേഷിന് കൈമാറിയതായി എസ്‌ഐടി കണ്ടെത്തി.
പോറ്റിയുടെ മൊഴി ദേവസ്വം ഉദ്യോഗസ്ഥരെ കുഴക്കുന്നതാണ്. 'വന്‍ഗൂഢാലോചനയുടെ ഭാഗമായാണ് സംഭവം നടന്നത്' ഇങ്ങനെ പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഗൂഢാലോചന പോറ്റി സ്‌പോണ്‍സറായി അപേക്ഷ നല്‍കിയതുമുതല്‍ തുടങ്ങിയെന്നും, സ്വര്‍ണം ചെമ്പായത് (മെല്‍ട്ടിങ്) ഉള്‍പ്പെടെ എല്ലാം ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തട്ടിയെടുത്ത സ്വര്‍ണം പങ്കിട്ടെടുത്തെന്നാണ് എസ്‌ഐടിയുടെ സംശയം. കല്‍പേഷിനെ കൊണ്ടുവന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോറ്റി സ്ഥിരീകരിച്ചു.
കേസന്വേഷണത്തില്‍ വരും ദിവസങ്ങള്‍ നിര്‍ണായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ ഉന്നതതലങ്ങളിലേക്ക് അന്വേഷണം വ്യാപിക്കാന്‍ സാധ്യതയുണ്ട്.