മലപ്പുറം: മലപ്പുറം ചേലമ്പ്രയില്‍ സ്‌കൂളിന്റെ ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യു.കെ.ജിയുടെ പഠനം മുടക്കി സ്‌കൂള്‍ അധികൃതര്‍. മലപ്പുറം ചേലേമ്പ്ര എ.എല്‍.പി സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയെയാണ് ഫീസ് അടയ്ക്കാത്തതിനാല്‍ ബസില്‍ കയറ്റേണ്ടെന്ന് പ്രധാനാധ്യാപിക അറിയിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ ബസില്‍ കയറാന്‍ എത്തിയ കുട്ടിയെ ബസില്‍ കയറ്റാതെ വഴിയില്‍ ഉപേക്ഷിച്ചു പോയെന്നാണ് പരാതി. ബസില്‍ കയറ്റാന്‍ സമ്മതിക്കാതിരുന്നപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി രക്ഷിതാവ് സ്‌കൂളില്‍ എത്തിയപ്പോള്‍ സ്‌കൂള്‍ മാനേജര്‍ മോശമായി പെരുമാറിയതായും കുടുംബം ആരോപിച്ചു. കുട്ടിയ്ക്ക് മാനസിക പ്രയാസം ഉണ്ടായതിനാല്‍ ഇനി ആ സ്‌കൂളില്‍ വിടേണ്ടെന്നാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രിക്കും ബാലാവകാശ കമ്മിഷനും പൊലിസിലും പരാതി നല്‍കിയതായി കുടുംബം അറിയിച്ചു.