25 കോടിയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ് കേസ്സിലെ മൂന്ന് മുഖ്യ പ്രതികളെ കൊച്ചി സൈബർ പോലീസ് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്തു. ക്യാപ്പിറ്റലക്സ് എന്ന വ്യാജ വെബ്സൈറ്റ് വഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് ഇവർ കോടികൾ തട്ടിയെടുത്തത്.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസ്സിലെ മൂന്ന് മുഖ്യ പ്രതികളെ കൊച്ചി സിറ്റി സൈബർ പോലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു. ഇരുപത്തിയഞ്ച് കോടിയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊടുവള്ളി പറമ്പതൈകുളങ്ങര വീട്ടിൽ പികെ റഹീസ് (39), അരക്കൂർ തോലമുത്തം പറമ്പ്, വളപ്പിൽ വീട്ടിൽ വി.അൻസർ (39), പന്തീരങ്കാവ് നരിക്കുനിമീതൽ വീട്ടിൽ സികെ അനീസ് റഹ്മാൻ (25) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും കോഴിക്കോട് ജില്ലക്കാരാണ്.
www.capitalix.com എന്ന വെബ് സൈറ്റ് വഴി ട്രേഡിംഗ് നടത്തി ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരനിൽ നിന്ന് 90 തവണകളായി 25 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. 2023 മാർച്ച് 15 മുതൽ 2025 ഓഗസ്റ്റ് 29 വരെയാണ് പരാതിക്കാരനിൽ നിന്ന് പ്രതികൾ പണം കൈപ്പറ്റിയത്. വിവിധ ബാങ്കുകളിലായുള്ള 15 അക്കൗണ്ടുകളിലേക്കാണ് പ്രതികൾ പറഞ്ഞ പ്രകാരം പരാതിക്കാരൻ പണം അയച്ചത്.
ഫോൺ കോളുകളും, ടെലഗ്രാം ചാറ്റും വെബ്സൈറ്റ് ആപ്ലിക്കഷനുകളും വഴിയാണ് തട്ടിപ്പ് നടത്തിയത്. ഫേസ്ബുക്ക് പരസ്യം വഴിയാണ് പരാതിക്കാരനിനെ പ്രതികൾ പരിചയപ്പെട്ടത്. ക്യാപ്പിറ്റലക്സ് എന്ന കമ്പനിയുടെ പേരിൽ വ്യാജ ഷെയർ ട്രേഡിംഗിലുടെ പെട്ടെന്ന് ലഭിക്കുന്ന ഉയർന്ന ലാഭമാണ് ആളുകളെ ഇത്തരം വ്യാജനിക്ഷേപങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. നിരവധി പേരിൽ നിന്നും കമ്മീഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൌണ്ടുകൾ കൈവശപ്പെടുത്തിയ പ്രതികൾ ഈ അക്കൗണ്ടുകളിലേക്കാണ് പരാതിക്കാരനോട് പണം അയക്കാൻ ആവശ്യപ്പെട്ടത്. ഇതിനായി 40 ബാങ്ക് അക്കൗണ്ടുകൾ, 250 സിം കാർഡുകൾ, 40 മൊബൈൽ ഫോണുകൾ, നിരവധി ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും, നിരവധി ഡെബിറ്റ് കാർഡുകൾ, തുടങ്ങിയവ പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച കോഴിക്കോടുള്ള ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തു