മുക്കം : കോഴിക്കോട്, മലപ്പുറം ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് മണൽക്കൊള്ള നടത്തിയ മൂന്നുലോറികൾ മുക്കം പോലീസ് പിടികൂടി.
ഇരുവഴിഞ്ഞിപ്പുഴയുടെ ചെറുവാടി ഇടവഴിക്കടവ് പാലത്തിനടുത്തുള്ള കടവിൽ നിർത്തിയിട്ട വള്ളങ്ങളിൽനിന്ന് ലോറിയിലേക്ക് മണൽ കയറ്റവേയാണ് ലോറികൾ പിടികൂടിയത്.
ഒരു ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാവൂർ സ്വദേശി തെക്ക് കോളിൽ മുഹമ്മദ് അഷറഫ് (38) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കോഴിക്കോട് റൂറൽ എസ്പി കെ.ഇ.ബൈജുവിന്‍റെ നിർദ്ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പിപി ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലോറികളും ഡ്രൈവറും പിടിയിലായത്. അധികൃതരുടെ കണ്ണുവെട്ടിച്ച് അർധ രാത്രിയിൽ മണൽ കൊള്ള നടത്തുന്ന സംഘത്തിൻ്റെ വാഹനങ്ങളാണ് മണൽ സഹിതം പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. പോലീസിനെ കണ്ട് മണൽ കടത്തിലെ ചിലർ പുഴയിൽ ചാടിയും തോണികളിലും രക്ഷപ്പെടുകയായിരുന്നു.
മുക്കം പോലീസിന്റെ രാത്രി പട്രോളിങ് സംഘത്തിൻ്റെ വാഹനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്റ്റേഷന് സമീപവും പ്രധാന ജങ്ഷനുകളിലും ആളുകളെ നിർത്തിയാണ് മണൽ മാഫിയാ സംഘം പ്രവർത്തിച്ചിരുന്നത്. മണൽ കൊള്ള സംഘത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി പി.ചന്ദ്രമോഹൻ അറിയിച്ചു. മുക്കം ഇൻസ്പെക്ടർ കെ.പി.ആനന്ദ്, ജില്ലാ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.