റാന്നി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്വര്‍ണം ദേവസ്വം ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പങ്കിട്ടെടുത്തുവെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. സ്വര്‍ണം തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള വന്‍ ഗൂഢാലോചന നടന്നുവന്നതായി പോറ്റിയുടെ മൊഴിയില്‍നിന്ന് പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയില്‍ ഏറ്റവും കൂടുതല്‍ ഉന്നം വെക്കുന്നത് ദേവസ്വം ഉദ്യോഗസ്ഥരെയാണ്. ദേവസ്വത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ അടക്കം ഈ ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നുവെന്നും ഈ കാര്യങ്ങള്‍ക്ക് ക്രിമിനല്‍ ഗൂഢാലോചനയുടെ സ്വഭാവം ഉണ്ടായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
സ്വര്‍ണപ്പാളികളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ച ശേഷം അത് സഹായിയായ കല്‍പേഷിനാണ് കൈമാറിയതെന്ന് പോറ്റി പറഞ്ഞിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുമ്പോഴെല്ലാം കല്‍പേഷ് സജീവമായിരുന്നു എന്ന മൊഴി കൂടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയിരിക്കുന്നത്.
ക്രിമിനല്‍ ഗൂഢാലോചനയുടെ സ്വഭാവം ഈ കേസുകള്‍ക്ക് ഉണ്ടായിരുന്നുവെന്ന് മൊഴി ലഭിച്ചതോടെ പ്രത്യേക അന്വേഷണ സംഘം പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ കസ്റ്റഡിയില്‍ എടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏകദേശം 18 മണിക്കൂറോളമാണ് ചോദ്യംചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി എസ്. ശശിധരനും മറ്റൊരു എസ്പി ആയ ബിജോയിയും മറ്റ് അന്വേഷണ സംഘാംഗങ്ങളും ഏഴു മണിയോടെ ഓഫീസിലേക്ക് എത്തി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു.തുടര്‍ന്നാണ് രാവിലെ ഏഴുമണിയോടെ റാന്നിയിലേക്ക് തിരിച്ചത്. രാവിലെ 11 മണിക്ക് റാന്നി കോടതിയില്‍ ഹാജരാക്കിയ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നില്ല.
നിര്‍ണായകമായ മൊഴി ലഭിച്ചതോടെ അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയിലൂടെ കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണം കണ്ടെത്തേണ്ടതുണ്ട്. അതിനൊപ്പം തന്നെ ദേവസ്വം ഉദ്യോഗസ്ഥരടക്കം മറ്റ് പ്രതികളെയും കണ്ടെത്തേണ്ടതുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കും.