തിരുവനന്തപുരം: കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ആദ്യ ഇന്നിങ്സിൽ മഹാരാഷ്ട്ര 239ഉം കേരളം 219ഉം റൺസായിരുന്നു നേടിയത്. 20 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ മികവിൽ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിൻ്റ് ലഭിച്ചു. കേരളം ഒരു പോയിൻ്റ് സ്വന്തമാക്കി.
വിക്കറ്റ് പോകാതെ 51 റൺസെന്ന നിലയിൽ നാലാം ദിവസം കളി തുടങ്ങിയ മഹാരാഷ്ട്രയ്ക്ക് സ്കോർ 84ൽ നിൽക്കെ ആർഷിൻ കുൽക്കർണിയുടെ വിക്കറ്റ് നഷ്ടമായി. 34 റൺസെടുത്ത ആർഷിൻ എൻ പി ബേസിലിൻ്റെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു.
മറുവശത്ത് അനായാസ ബാറ്റിങ് തുടർന്ന പൃഥ്വി ഷാ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ഇടയ്ക്ക് പൃഥ്വി ഷായും സിദ്ദേഷ് വീറും നൽകിയ അവസരങ്ങൾ ഫീൽഡർമാർ കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി. ഒടുവിൽ 75 റൺസെടുത്ത് നിൽക്കെ അക്ഷയ് ചന്ദ്രൻ്റെ പന്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ പിടിച്ചാണ് പൃഥ്വി ഷാ പുറത്തായത്. പൃഥ്വി ഷായ്ക്കൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ആര്‍ഷിന്‍ മടങ്ങിയത്. പിന്നാലെ അര്‍ധ സെഞ്ച്വറി പിന്നിട്ട് മുന്നേറുകയായിരുന്ന ഷായെ അക്ഷയ് ചന്ദ്രനാണ് പുറത്താക്കിയത്. 102 പന്തുകള്‍ നേരിട്ട താരം ഏഴ് ബൗണ്ടറിയടക്കമാണ് 75 റണ്‍സെടുത്തത്.
46 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ എന്‍ പി ബേസിലാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. തുടർന്നെത്തിയ ഋതുരാജ് ഗെയ്ക്‌വാദും സിദ്ദേഷ് വീറും അതീവ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. കേരള ക്യാപ്റ്റൻ ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നിൽക്കെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. സിദ്ദേഷ് വീറും ഋതുരാജ് ഗെയ്ക്‌വാദും 55 റൺസ് വീതം നേടി പുറത്താകാതെ നിന്നു.
നേരത്തേ മൂന്നാം ദിനം 219 റണ്‍സിന് പുറത്തായ കേരളം 20 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു. സഞ്ജു സാംസണ്‍ (54), സല്‍മാന്‍ നിസാര്‍ (49), ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (36) എന്നിവരിലൂടെ ലീഡിലെത്താമെന്ന് കേരളം പ്രതീക്ഷിച്ചെങ്കിലും വാലറ്റവും പെട്ടെന്ന് കീഴടങ്ങി. മൂന്നുവിക്കറ്റ് വീഴ്ത്തിയ മുന്‍ കേരളതാരം ജലജ് സക്‌സേനയും സഞ്ജു, അസ്ഹറുദ്ദീന്‍ എന്നിവരെ പുറത്താക്കിയ ഇടംകൈ സ്പിന്നര്‍ വിക്കി ഓസ്വാളുമാണ് കേരളത്തെ തകര്‍ത്തത്