ഇടുക്കി:ഇടുക്കിയിൽ കനത്തമഴ തുടരുന്നു. കുമളി മേഖലയില്‍ ശനിയാഴ്ച രാത്രിമുതല്‍ അതിശക്തമായ മഴയാണ് പെയ്തത്. കനത്തമഴയ്ക്കിടെ റോഡിലേക്ക് വീണ മണ്‍കൂനയില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പറപ്പിള്ളിവീട്ടില്‍ തങ്കച്ചന്‍ ആണ് മരിച്ചത്. കുമളി-ആനവിലാസം റോഡില്‍ വെള്ളാരംകുന്നില്‍ ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു അപകടം.
ശനിയാഴ്ച രാത്രി ഏഴുമുതല്‍ കുമളി മേഖലയില്‍ കനത്ത മഴയായിരുന്നു. ഇതിനിടെ കടയടച്ച് വീട്ടിലേക്ക് പോവുന്നതിനിടെയാണ് തങ്കച്ചന്‍ അപകടത്തില്‍പ്പെട്ടത്. മഴ കാരണം റോഡിലേക്ക് വീണ കല്ലും മണ്ണും ശ്രദ്ധയില്‍പ്പെടാതെ സ്‌കൂട്ടര്‍ ഇതിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. തങ്കച്ചന്റെ തലയടക്കം മണ്ണില്‍കുടുങ്ങിപ്പോയെന്നാണ് വിവരം. മൃതദേഹം കട്ടപ്പന ഗവ. ആശുപത്രിയിലേക്ക് മാറ്റി.
കനത്തമഴയെ തുടര്‍ന്ന് കുമളിയിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. വീടുകളിലും കടകളിലും വെള്ളംകയറി. വീട്ടില്‍ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പോലീസും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. കുമളി ടൗണ്‍, ഹോളിഡേ ഹോം പരിസരം, വലിയകണ്ടം, ഒന്നാം മൈല്‍, പെരിയാര്‍ കോളനി എന്നിവിടങ്ങളിലാണ് വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായത്.
രാത്രി പതിനൊന്നോടെ ഹോളിഡേ ഹോമിനുസമീപമുള്ള വീട്ടില്‍ കണ്ണന്‍, ഭാര്യ ഷീന, മക്കളായ അനന്യ, അമയ എന്നിവരാണ് കുടുങ്ങിയത്. നാട്ടുകാരും കുമളി പോലീസും ചേര്‍ന്ന് വടംകെട്ടി സാഹസികമായാണ് നാല് പേരെയും സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചത്. പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു.