താമരശ്ശേരി : താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് സാമ്പത്തികബാധ്യതയുടെയും ജീവനക്കാരുടെ അപര്യാപ്തതയുടെയും പേരിൽ നിർത്തലാക്കിയ ജനകീയസർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം പുനഃസ്ഥാപിച്ചെങ്കിലും ഒരു മാസംകൊണ്ട് വീണ്ടും നിർത്തിയ താമരശ്ശേരി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, കോവിഡിനു മുൻപെ ലാഭകരമല്ലെന്നതിന്റെപേരിൽ നിർത്തിയ താമരശ്ശേരി-കാഞ്ഞങ്ങാട് ടൗൺ ടു ടൗൺ, കോവിഡ് കാലത്ത് നിർത്തിയ താമരശ്ശേരി-നരിക്കുനി-സിവിൽ സ്റ്റേഷൻ-കോഴിക്കോട് ഓർഡിനറി സർവീസുകളാണ് വീണ്ടും തുടങ്ങണമെന്ന നിർദേശമുയർന്നിരിക്കുന്നത്.
നേരത്തേ താമരശ്ശേരി ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന ഒരു സൂപ്പർ ഫാസ്റ്റ്, ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ആളില്ലാത്തതിന്റെപേരിൽ ബത്തേരി ഡിപ്പോയിലേക്ക് മാറ്റിയിരുന്നു. ഈ ബസ് സർവീസിന് പകരമായി ജനകീയ ഇടപെടലിന്റെയും ഡോ. എം.കെ. മുനീർ എംഎൽഎയുടെ ആവശ്യത്തിന്റെയും ഫലമായാണ് ആറുമാസംമുൻപ് താമരശ്ശേരിയിൽനിന്ന് സൂപ്പർ ഫാസ്റ്റ് സർവീസ് പുനരാരംഭിക്കുന്നത്. മൂന്നുദശാബ്ദത്തോളം ലാഭകരമായി സർവീസ് നടത്തി പിന്നീട് കോവിഡ് വ്യാപനത്തിനുശേഷം നിർത്തലാക്കിയ തിരുവനന്തപുരം-സൂപ്പർ ഫാസ്റ്റ് ആയിരുന്നു അങ്ങനെ ഇക്കഴിഞ്ഞ ഏപ്രിൽ എട്ടുമുതൽ ഓടിത്തുടങ്ങിയത്.
താമരശ്ശേരി ഡിപ്പോയിൽനിന്ന് രാവിലെ 5.15-ന് പുറപ്പെട്ട് മലയോരഹൈവേയിലൂടെ തൃശ്ശൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാല, ഈരാറ്റുപേട്ട, പത്തനംതിട്ട, കിളിമാനൂർ വഴി രാത്രി ഏഴുമണിയോടെ തിരുവനന്തപുരം കളിയിക്കവിളയിൽ എത്തിച്ചേരുന്നവിധത്തിലായിരുന്നു റൂട്ട് ക്രമീകരണം. എന്നാൽ, മേയിൽ സർവീസ് അവസാനിപ്പിക്കുകയും അതിനായി അനുവദിച്ച രണ്ടു ബസുകളും മറ്റു ഡിപ്പോകളിലേക്ക് മാറ്റുകയുമായിരുന്നു.
തുടക്കത്തിലുള്ള യാത്രാപങ്കാളിത്തം ക്രമേണ കുറഞ്ഞ് ലാഭകരമല്ലാതായതോടെയാണ് സർവീസ് നിർത്തിയതെന്ന് താമരശ്ശേരി ഡിപ്പോ അധികൃതർ പറയുന്നു. ഒരു കിലോമീറ്ററിന് നാല്പതുരൂപയെങ്കിലും കിട്ടത്തക്കവിധത്തിൽ ലാഭകരമായ സർവീസുകൾ നിലനിർത്തിയാൽ മതിയെന്നാണ് വകുപ്പുതല നിർദേശം. അതേസമയം ദീർഘദൂരസർവീസുകളിൽ ഡ്രൈവറായും കണ്ടക്ടറായും ഒരേപോലെ ജോലിചെയ്യുന്ന ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ജീവനക്കാരെ ഡിപ്പോയിൽ നിയമിക്കാത്തതാണ് സർവീസിന്റെ അകാലചരമത്തിന് കാരണമെന്നാണ് യാത്രക്കാരുടെ പക്ഷം.
താമരശ്ശേരിയിൽനിന്നു വൈകീട്ട് ആരംഭിച്ച് കൊയിലാണ്ടി വഴി കാഞ്ഞങ്ങാടെത്തി പിറ്റേന്ന് പുലർച്ചെ ചെമ്പേരി, ഇരിട്ടി, മാനന്തവാടി വഴി താമരശ്ശേരിയിൽ തിരിച്ചെത്തിയിരുന്ന താമരശ്ശേരി-കാഞ്ഞങ്ങാട് ടൗൺ ടു ടൗൺ സർവീസ്, കോവിഡ് പ്രതിസന്ധി കാലത്തിനുശേഷവും പുനരാരംഭിച്ചിട്ടില്ല. താമരശ്ശേരിയിൽനിന്ന് വടക്കൻമേഖലയിലേക്ക് ബസുകൾ കുറവുള്ള സാഹചര്യത്തിൽ കാസർകോട് ജില്ലയിലേക്കുള്ള ഈ ബസ് സർവീസ് പുനരാരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്. പഴയ റൂട്ടിന് പകരം മടക്കയാത്രയിൽ നീലേശ്വരം, കണ്ണൂർ, തലശ്ശേരി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി വഴി താമരശ്ശേരിയെത്തുന്നതരത്തിൽ സമയത്തിലും റൂട്ടിലും ക്രമീകരണം ആവശ്യപ്പെട്ടുള്ള പുതിയ നിർദേശം സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കട്ട് ട്രിപ്പ് യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നതും അധികസമയമെടുക്കുന്ന റൂട്ടും കാരണം പ്രസ്തുത സർവീസ് ലാഭകരമാവില്ലെന്ന വാദമാണ് അധികൃതർ ഉന്നയിക്കുന്നത്.
താമരശ്ശേരിയിൽനിന്നു രാവിലെ എട്ടുമണിക്ക് പൂനൂർ വഴി നരിക്കുനിയിലെത്തി സിവിൽ സ്റ്റേഷൻ വഴി കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന ഓർഡിനറി ബസ് കോവിഡ് കാലത്ത് നിർത്തലാക്കിയതാണ്. കോഴിക്കോട്ടുനിന്ന് ഇതേ റൂട്ടിലൂടെ തിരിച്ച് നരിക്കുനി വഴി താമരശ്ശേരിയിലെത്തുന്ന വിധത്തിലാണ് റൂട്ട് ക്രമീകരണം. ഒട്ടേറെ യാത്രക്കാരുള്ള ഈ മേഖലയിലൂടെ കടന്നുപോവുന്ന സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയകക്ഷികളും ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.
തിരുവമ്പാടി ഡിപ്പോയിൽനിന്നു രാവിലെ ഏഴുമണിക്ക് താമരശ്ശേരിയിലെത്തി കൊയിലാണ്ടി വഴി കണ്ണൂരിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസും നിർത്തിയിട്ട് നാളുകളേറെയായി.
സ്വകാര്യബസ് സർവീസ് കുറവുള്ള മലയോരമേഖലകളിൽ സാധാരണക്കാരേറെയും ഹ്രസ്വ, ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്നത് കെഎസ്ആർടിസിയെയാണ്. അതിനാൽ ആയിരക്കണക്കിനാളുകൾക്ക് ആശ്വാസമേകുന്ന ഈ പൊതുസേവനം ലാഭക്കണക്കിന്റെയും ജീവനക്കാരുടെ അപര്യാപ്തതയുടെയുംപേരിൽ അവസാനിപ്പിക്കരുതെന്നാണ് യാത്രക്കാരുടെ ആവശ്യം