സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിനുള്ള അരി വിതരണം മുടങ്ങിയിട്ട് ഒന്നരമാസം. വിദ്യാഭ്യാസ വകുപ്പും എഫ്‌സിഐയും തമ്മില്‍ നടത്തുന്ന നടപടിക്രമത്തിലുണ്ടായ കാലതാമസമാണ് അരിവിതരണം മുടങ്ങാന്‍ കാരണമെന്നാണ് ആക്ഷേപം. എന്നാല്‍ താല്‍ക്കാലിക പ്രതിസന്ധി മാത്രമാണിതെന്നാണ് അധികൃതരുടെ വാദം.
വിഭവസമൃദ്ധമായ ഉച്ചഭക്ഷണ മെനുവൊക്കെ ഉണ്ടെങ്കിലും നിലവില്‍ അരി പോലും ഇല്ലാത്ത അവസ്ഥയാണ് മിക്ക സ്കൂളുകളിലും. അതിനാല്‍ തന്നെ അരി കണ്ടെത്താനായുള്ള നെട്ടോട്ടത്തിലാണ് പ്രധാന അധ്യാപകര്‍. മാവേലി സ്റ്റോറുകള്‍ വഴിയാണ് സ്കൂളുകളിലേക്കുള്ള അരിവിതരണം ചെയ്യുന്നത്. ഡിഡിഇ നല്‍കുന്ന കുട്ടികളുടെ കണക്കിന്‍റെ അടിസ്ഥാനത്തിലാണ് എഫ്‌സിഐ അരി അനുവദിക്കുന്നത്. എന്നാല്‍ കണക്ക് നല്‍കുന്നത് വൈകിയതോടെയാണ് അരിവിതരണം മുടങ്ങിയത്.
സാധാരണ ഒരു മാസം പകുതിയാവുമ്പോള്‍ തന്നെ അടുത്തമാസത്തെ അരി സ്കൂളുകളില്‍ എത്താറുണ്ട്. അരി ലഭിക്കാത്തതിനാല്‍ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി അരി വാങ്ങിയാണ് അധ്യാപകര്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. ഒരു കുട്ടിക്ക് എല്‍പി വിഭാഗത്തില്‍ 100 ഗ്രാമും യുപിയില്‍ 150 ഗ്രാം അരിയുമാണ് കണക്കാക്കുന്നത്. എന്നാല്‍ സപ്ലൈകോ ഡിപ്പോകളില്‍ അരി എത്തിയിട്ടുണ്ടെന്നും അടുത്തദിവസം മുതല്‍ വിതരണം പുനരാംരഭിക്കുമെന്നാണ് അധികൃതരുടെ വാദം.