കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാർഥിനിയുടെ കുടുംബം. ഹൈക്കോടതിയുടെ തീരുമാനം വന്നശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് കുടുംബത്തിന്റെ തീരുമാനം. അതിനാൽ, വിദ്യാർഥിനിയെ ഉടൻ മറ്റൊരു സ്കൂളിലേക്ക് മാറ്റില്ലെന്ന് കുടുംബം അറിയിച്ചു.
ഹിജാബ് ധരിച്ചെത്തിയതിന് വിദ്യാർഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. സംഭവത്തിൽ സ്കൂൾ അധികൃതർ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ വിദ്യാർഥിനിയുടെ കുടുംബത്തെയും കക്ഷി ചേർത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഹരജി പരിഗണിക്കുന്നത്.
ഹൈക്കോടതിയുടെ നിലപാട് അറിഞ്ഞശേഷം മാത്രം സ്കൂൾ മാറ്റുന്നതടക്കമുള്ള തുടർ തീരുമാനങ്ങൾ എടുക്കാമെന്നാണ് കുടുംബം ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്. അതുവരെ കുട്ടിയെ സ്കൂളിലേക്ക് അയക്കേണ്ടതില്ലെന്നും കുടുംബം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഹിജാബ് ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡി.ഡി.ഇ) ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സ്കൂൾ മാനേജ്‌മെന്റിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കുട്ടികളെ മതത്തിന്റെ പേരിൽ വേർതിരിക്കരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, വെള്ളിയാഴ്ച നടക്കുന്ന ഹരജി പരിഗണന നിർണ്ണായകമാണ്. വിദ്യാർഥിക്ക് പഠനം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ശക്തമായ നിലപാടെടുത്തിരുന്നു.